തിരുവനന്തപുരം: ഭരണവിരുദ്ധവികാരം അസ്വസ്ഥപ്പെടുത്തുമ്പോഴും വികസന-ക്ഷേമ നേട്ടങ്ങൾക്കൊപ്പം കഴിഞ്ഞ കാൽനൂറ്റാണ്ടിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ ആശ്വാസമടയുകയാണ് ഇടതുമുന്നണി. 2001 മുതൽ 2026 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ 2001ലാണ് എൽ.ഡി.എഫ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. അന്ന് 40 സീറ്റുകളിലേക്ക് ചുരുങ്ങി. 2011ലും ഇടതുമുന്നണി പരാജയം രുചിച്ചെങ്കിലും 68 സീറ്റുകളുടെ പച്ചപ്പുണ്ടായിരുന്നു.
ഈ കാൽനൂറ്റാണ്ടിനിടയിൽ ഇടതു സർക്കാറുകൾ അധികാരത്തിലേറിയ 2006, 2016, 2021 തെരഞ്ഞെടുപ്പുകളിലെല്ലാം 90 സീറ്റിന്‍റെ ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാൽ, യു.ഡി.എഫിനെ സംബന്ധിച്ച് 2001ൽ മാത്രമാണ് 99 സീറ്റുകൾ നേടാനായത്. 2011ൽ അധികാരത്തിലെത്തിയെങ്കിലും 72 സീറ്റുകളാണ് ലഭിച്ചത്. പരാജയപ്പെട്ട ഘട്ടങ്ങളിലെല്ലാം യു.ഡി.എഫ് 50ൽ താഴെ സീറ്റുകളിലേക്ക് ചുരുങ്ങി. 2006ൽ 41സീറ്റാണെങ്കിൽ 2016 ൽ 47 ആയിരുന്നു. 2021ൽ 41ഉം.
1980 മുതൽ എൽ.ഡി.എഫും യു.ഡി.എഫും ഊഴം മാറി അധികാരം കൈയാളുന്ന പതിവിന് 2021ലെ തുടർഭരണത്തോടെയാണ് തിരുത്തുണ്ടായത്. 10 വർഷത്തെ ചരിത്രപരമായ ഭരണത്തുടർച്ചയുടെ സ്വഭാവികവും കനത്തതുമായ പ്രതികൂല വികാരത്തിന് കാൽനൂറ്റാണ്ടിന്‍റെ കണക്കുകളിലെ വിസ്മയങ്ങളെ മറികടക്കാനാകുമോ എന്നതാണ് മറുഭാഗത്തെ സുപ്രധാന ചോദ്യം. ഒപ്പം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയമാണ് ഈ കണക്കാധിപത്യങ്ങൾക്കുള്ള പ്രതിരോധവും.
പ്രാദേശിക സാഹചര്യങ്ങളും വിഷയങ്ങളും തദ്ദേശ ജനവിധിയെ നിർണയിക്കുമെന്ന പരമ്പരാഗത ധാരണകളെ തിരുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ ജനവിധി. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാക്കി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സി.പി.എം സംഘടന സംവിധാനം ഒന്നാകെ രംഗത്തിറങ്ങിയിട്ടും തിരുവനന്തപുരം മുതൽ കാസർകോട് വരെ യു.ഡി.എഫിന് അനുകൂലമായുണ്ടായ വിധിയെഴുത്ത് പ്രാദേശിക സാഹചര്യങ്ങളുടെ സ്വാധീനത്തിനപ്പുറം സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഭരവിരുദ്ധ വികാരമെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.
മുന്നണികളുടെ സ്ഥിരതയുള്ള മണ്ഡലങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴും കൂടുതൽ മണ്ഡലങ്ങൾ തങ്ങൾക്കൊപ്പമെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നു. 2006 മുതലുള്ള കണക്കെടുത്താൽ 31 മണ്ഡലങ്ങളാണ് (ചില മണ്ഡലങ്ങൾ അതിന് മുമ്പും) ഇത്തരത്തിൽ ഇടതുമുന്നണിയെ സ്ഥിരമായി പിന്തുണക്കുന്നത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ധർമടം, തലശ്ശേരി, മട്ടന്നൂർ, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, ആലത്തൂർ, ചേലക്കര, കുന്ദമംഗലം, കൈപ്പമംഗലം, പുതുക്കാട്, ഉടുമ്പൻചോല, വൈക്കം, റാന്നി, പുനലൂർ, ഇരവിപുരം, ചിറയിൻകീഴ്, വാമനപുരം എന്നിവയാണിവ. ഇക്കാലയളവിൽ യു.ഡി.എഫിനെ സ്ഥിരമായി പിന്തുണച്ചതാകട്ടെ 20 മണ്ഡലങ്ങളാണ്. മഞ്ചേശ്വരം, കാസർകോട്, ഇരിക്കൂർ, കൊണ്ടോട്ടി, ഏറനാട്, വണ്ടൂർ, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, പാലക്കാട്, പരവൂർ, എറണാകുളം, തൃക്കാക്കര, കോട്ടയം, കടുത്തുരുത്തി, പുതുപ്പള്ളി, ഹരിപ്പാട് എന്നിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.