കോ​ട്ട​യ​ത്തു നി​ന്നും ജ​യി​ച്ച യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ തോ​ളി​ലേ​റ്റി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ

തെ​ക്കും പി​ടി​ച്ച് സ്വ​പ്ന​ക്കു​തി​പ്പ്

കോ​ട്ട​യം: പ്ര​വ​ച​ന​ങ്ങ​ളും തു​ട​ർ ഭ​ര​ണ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തൂ​ത്തെ​റി​ഞ്ഞു വീ​ശി​യ​ടി​ച്ച ഭ​ര​ണ​വി​രു​ദ്ധ ചു​ഴ​ലി​യി​ൽ ഇ​ട​തു കോ​ട്ട​ക​ൾ ത​രി​പ്പ​ണ​മാ​ക്കി സീ​റ്റെ​ണ്ണം നാ​ലി​ര​ട്ടി​യാ​ക്കി തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​ന്‍റെ സ്വ​പ്ന​സ​മാ​ന തേ​രോ​ട്ടം. ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പ്​ അ​ട​പ​ട​ലം ക​ട​പു​ഴ​കി സം​പൂ​ജ്യ​രാ​യ​പ്പോ​​ൾ കാ​ൽ നൂ​റ്റാ​ണ്ട്​ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യി​രു​ന്ന കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​ന്‍റെ​യും കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ​യും പ​ത​നം കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യു​ടെ​യും ആ​ർ.​എ​സ്.​പി ലെ​നി​നി​സ്​​റ്റി​ന്‍റെ​യും നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കി. ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും മു​ൻ മ​ന്ത്രി​യു​ടെ​യും മ​ണ്ഡ​ല​ങ്ങ​ളും ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന റാ​ന്നി​യും എ​ൽ.​ഡി.​എ​ഫി​നെ കൈ​വി​ട്ട​ത്​ സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം വോ​ട്ട്​​ബാ​ങ്ക്​ പി​ള​ർ​ത്തു​ന്ന തീ​പ്പൊ​രി​യാ​ണെ​ന്ന്​​വീ​ണ്ടും വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ മ​റു​പ​ക്ഷം പോ​യ മു​സ്​​ലിം, ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ തി​രി​ച്ചു​പി​ടി​ച്ച​തി​നൊ​പ്പം പ​ര​മ്പ​രാ​ഗ​ത വോ​ട്ട്​​ബാ​ങ്ക്​ നി​ല​നി​ർ​ത്താ​നും യു.​ഡി.​എ​ഫി​നു ക​ഴി​ഞ്ഞു.

മേ​ഖ​ല​യി​ൽ ജ​ന​വി​ധി തേ​ടി​യ ഒ​മ്പ​തി​ൽ അ​ഞ്ചു മ​ന്ത്രി​മാ​രും ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. എ​ൽ.​ഡി.​എ​ഫി​ന്‍റെ 22 സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രെ മ​ല​ർ​ത്തി​യ​ടി​ച്ച്​ യു.​ഡി.​എ​ഫ്​ സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ 11 പേ​ർ​ക്കു മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ ത​രം​ഗം അ​തി​ജീ​വി​ച്ചു മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​യ​ത്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ്​ വ​ൻ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കി​യാ​ലും ത​ല​സ്ഥാ​ന​ത്ത്​ അ​ട​ക്കം തെ​ക്ക​ൻ മേ​ഖ​ല​യി​ൽ സി​റ്റി​ങ്​ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ക്കാ​മെ​ന്ന ഇ​ട​തു ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ടെ വേ​ര​റു​ക്കു​ന്ന​താ​യി​രു​ന്നു വീ​ശി​യ​ടി​ച്ച വി​രു​ദ്ധ ത​രം​ഗം. സം​സ്ഥാ​ന​ത്താ​കെ ബി.​ജെ.​പി പി​ടി​ച്ച മൂ​ന്നു സീ​റ്റും ഇ​ട​ത്​ സി​റ്റി​ങ്​ സീ​റ്റു​ക​ളാ​യ​തും മു​ന്ന​ണി​യു​ടെ ന​ഷ്ട​ത്തി​ന്​ ആ​ക്കം കൂ​ട്ടി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ 48ൽ 40 ​സീ​റ്റും നേ​ടി​യാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം പി​ടി​ച്ച​ത്. യു.​ഡി.​എ​ഫ്​ എ​ട്ടി​ൽ നി​ന്ന്​ 34 ആ​യി സീ​റ്റ്​ നാ​ലി​ര​ട്ടി​യി​ല​ധി​ക​മാ​ക്കി.

ത​ല​സ്ഥാ​നം പി​ടി​ച്ചാ​ൽ സെ​ക്ര​ട്ട​​റി​യേ​റ്റ്​ പി​ടി​ക്കു​മെ​ന്ന കീ​ഴ്വ​ഴ​ക്കം ഇ​ത്ത​വ​ണ​യും യു.​ഡി.​എ​ഫി​ന്‍റെ കൂ​ടെ നി​ന്നു. മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ 14ൽ ​ഏ​ഴു സീ​റ്റും യു.​ഡി.​എ​ഫ്​ നേ​ടി. മു​തി​ർ​ന്ന നേ​താ​വ്​ സി.​പി ജോ​ൺ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഇ​താ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്തു. രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റും വി. ​മു​ര​ളീ​ധ​ര​നും മാ​സ​ങ്ങ​ളാ​യി മ​ണ്ഡ​ല​ത്തി​ൽ ത​മ്പ​ടി​ച്ചു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്തും താ​മ​ര വി​രി​യി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും അ​രു​വി​ക്ക​ര​യി​ൽ മു​തി​ർ​ന്ന നേ​താ​വ്​ വി.​ശി​വ​കു​മാ​റി​ന്‍റെ തോ​ൽ​വി വി​ജ​യ​മ​ധു​ര​ത്തി​നി​ട​യി​ലും യു.​ഡി.​എ​ഫി​ന്​ ക​യ്​​പ്പു​നീ​രാ​യി.

ചാ​ത്ത​ന്നൂ​രി​ലെ ബി.​ജെ.​പി ജ​യ​മാ​ണ് യു.​ഡി.​എ​ഫി​ന്‍റെ വ​ൻ കു​തി​പ്പി​നേ​ക്കാ​ൾ കൊ​ല്ലം ഫ​ല​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ര​ണ്ടാ​മ​തെ​ത്തി​യ ബി.​ബി. ഗോ​പ​കു​മാ​ർ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും ഇ​ട​തി​നു ശ​ക്​​ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ താ​മ​ര വി​ള​ഞ്ഞ​ത്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ഴ​ങ്ങി​ക്കേ​ട്ട ഡീ​ൽ വി​വാ​ദ​ത്തി​നി​ട​യി​ലും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി. 2021ൽ ​കു​ണ്ട​റ​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഒ​തു​ങ്ങി​യ യു.​ഡി.​എ​ഫ്​​ കൊ​ല്ലം, ച​വ​റ, ഇ​ര​വി​പു​രം, കു​ന്ന​ത്തൂ​ർ, പ​ത്ത​നാ​പു​രം, ച​ട​യ​മം​ഗ​ലം സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ത​വ​ണ സം​പൂ​ജ്യ​രാ​യ പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ചി​ൽ നാ​ലു സീ​റ്റും യു.​ഡി.​എ​ഫി​ന്‍റെ കൂ​ടെ നി​ന്നു. ശ്ര​ദ്ധേ​യ​മാ​യ ആ​റ​ൻ​മു​ള മ​ണ്ഡ​ല​ത്തി​ൽ ത​ക​ർ​പ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ അ​ബി​ൻ വ​ർ​ക്കി മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ വീ​ഴ്ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​ത്തി​ന്​ ഇ​ര​യാ​യ കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ.​ഡി. തോ​മ​സ്​ ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ അ​ട്ടി​മ​റി​യും നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം ഒ​ഴി​ഞ്ഞു​നി​ന്ന എം. ​ലി​ജു കാ​യം​കു​ള​ത്തു നേ​ടി​യ വ​ൻ ജ​യ​വു​മാ​ണ്​​ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ യു.​ഡി.​എ​ഫി​ന്‍റെ തി​ള​ക്കം കൂ​ട്ടു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ​യി​ൽ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ സ്വ​ത​ന്ത്ര അ​ട്ടി​മ​റി സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തി.

എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും തെ​റ്റി​ച്ച യു.​ഡി.​എ​ഫ്​ പ​ട​യോ​ട്ട​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ അ​ട​പ​ട​ലം മൂ​ക്കു​കു​ത്തു​ക​യാ​യി​രു​ന്നു കോ​ട്ട​യ​ത്ത്. കേ​ര​ള​പ്പി​റ​വി​ക്കു ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​ജീ​വ്​ ത​രം​ഗം ആ​ഞ്ഞ​ടി​ച്ച 1991ലും ​ഒ​ഴി​കെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പം ചു​വ​പ്പ്​ അ​ണി​ഞ്ഞു​നി​ന്ന വൈ​ക്കം ത്രി​വ​ർ​ണം പു​ത​ച്ച​ത്​​ മേ​ഖ​ല​യി​ലെ ത​ന്നെ വ​ൻ അ​ട്ടി​മ​റി​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ്​ ​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നേ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ജ​യം ഉ​റ​പ്പി​ച്ച ഏ​റ്റു​മാ​നൂ​രി​ൽ വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷി​ന്‍റെ അ​ട്ടി​മ​റി.

Tags:    
News Summary - Dreaming of the South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.