കണ്ണൂർ: ദേശീയപാത സ്ഥലമെടുപ്പിനെതിരെ കടുത്ത സമരം നടന്ന കീഴാറ്റൂർ വയൽ ഇന്ന് കേന്ദ്ര പരിസ്ഥിതി സംഘം സന്ദർശിക്കും. മിനിസ്ട്രി ഒാഫ് എൻവയോൺമെൻറ്, ഫോറസ്റ്റ്സ് ആൻഡ് ക്ലൈമറ്റ് ചേഞ്ചിെൻറ ബംഗളൂരുവിലുള്ള സതേൺ സോണൽ ഒാഫിസിലെ റിസർച് ഒാഫിസർ ജോൺ തോമസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കീഴാറ്റൂർ സന്ദർശിക്കുക. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും ജില്ലയിലെ സർക്കാർ പ്രതിനിധികളും ഉണ്ടാകും.
കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘം കീഴാറ്റൂർ വയലും പരിസരവും സന്ദർശിക്കുന്നത്. ദേശീയപാത വരുന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇരുവരുടെയും പരാതിയിൽ പറയുന്നത്. ഇക്കാര്യങ്ങളാണ് പ്രധാനമായും കേന്ദ്രസംഘം പരിശോധനക്ക് വിധേയമാക്കുക. ഇന്ന് പ്രദേശത്ത് പരിശോധന നടത്തുന്ന സംഘം വെള്ളിയാഴ്ചയും കീഴാറ്റൂരിൽ തന്നെയുണ്ടാകും. നാട്ടുകാരിൽനിന്ന് ആവശ്യമെങ്കിൽ തെളിവ് സ്വീകരിക്കും.
സംഘം തയാറാക്കുന്ന റിപ്പോർട്ട് വകുപ്പിെൻറ ഡൽഹി ഒാഫിസിലേക്ക് അയക്കും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അലൈൻമെൻറ് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ഇത്തരത്തിൽ തീരുമാനമുണ്ടായാൽ അത് വലിയ നേട്ടമായി അവതരിപ്പിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഇന്ന് കീഴാറ്റൂർ വയൽ സന്ദർശിക്കുന്നുണ്ട്. പരാതി നൽകിയ ആളെന്ന നിലയിൽ കേന്ദ്രസംഘത്തെ കാണുകയും ചെയ്യും. അതിനിടെ, സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കീഴാറ്റൂർ െഎക്യദാർഢ്യ സമിതി. തീരുമാനം അനൂകൂലമാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനായി കീഴാറ്റൂർ മുതൽ തിരുവനന്തപുരം വരെ ലോങ്മാർച്ച് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.