കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ പുറത്തുവരുന്നത് സി.പി.എം-ബി.ജെ.പി രഹസ്യ അജണ്ടയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി. അത് വരും ദിവസങ്ങളിൽ വ്യക്തമാകും. പാലക്കാട് മാത്രമല്ല ഒന്ന് രണ്ട് സീറ്റുകളിൽ കൂടി ഇത്തരത്തിലുള്ള രഹസ്യ ബാന്ധവം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്. സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടയിൽ സ്വാഭാവികമായിട്ടും അർഹതപ്പെട്ട നിരവധി ആളുകളുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ലിസ്റ്റാണ് പുറത്തുവന്നത്. പത്തുവർഷത്തെ ഇടതു ഭരണം അവസാനിപ്പിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ആയിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും. ഈ തെരഞ്ഞെടുപ്പിൽ മത്സരം രംഗത്തുനിന്നും മാറി നിൽക്കുന്നവർ ആയിരിക്കും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ഈ ഇലക്ഷൻ യു.ഡി.എഫിന്റെ ഇലക്ഷൻ ആണെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിൽ സംസ്ഥാനത്ത് പുറത്തുനിന്നുള്ള സീനിയർ നേതാക്കൾ പ്രചരണത്തിനായിട്ട് എത്തും. അവർ വരുന്ന 12- 13 ദിവസത്തോളം കേരളത്തിൽ ഉണ്ടാവും. എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാൻ അവർ ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
എൽ.ഡി.എഫ് ഒരു മന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട് നാല് ദിവസമായിട്ട് അദ്ദേഹം പ്രചാരണത്തിനിറങ്ങിയില്ല. നാല് സീറ്റുകളിൽ എൽ.ഡി.എഫ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഉണ്ട്. ഇക്കാര്യങ്ങളൊന്നും ആരും പറയുന്നില്ല, ഒരു സിറ്റിംഗ് മന്ത്രിക്ക് അയാളുടെ സീറ്റിൽ മത്സരിക്കാൻ ആത്മവിശ്വാസം ഉണ്ടായില്ലെന്നത് ചെറിയ കാര്യമല്ല. ഈ തെരഞ്ഞെടുപ്പിലെ ഫലം അവിടെയാണ് ഞങ്ങൾ കാണുന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. 100 സീറ്റുകൾ വിജയിക്കുമെന്ന് ആത്മവിശാസത്തോടെയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള സ്ഥലങ്ങളിൽ വളരെ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികൾ നിൽക്കുന്നത്. മികച്ച പ്രചാരണത്തിലൂടെ സീറ്റുകൾ നേടാൻ യു.ഡി.എഫിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയുടെ അഭിമുഖം കാണുകയുണ്ടായി. ശബരിമല സ്വർണ്ണകൊള്ള വിഷയത്തിലെ ഉത്തരവാദികളെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. അയ്യപ്പൻറെ സ്വർണ്ണം കട്ടുകൊണ്ടു പോയവരെയും ജയിലിൽ കിടന്ന വരെയും ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നുവെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി പോലും ഡീൽ ആണോയെന്ന് സംശയമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഡിക്ലറേഷനും നോമിനേഷനും തമ്മിൽ ഒരു വ്യത്യാസമില്ലാതെ വരുന്നത് ഇത് ആദ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുപോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ദുരൂഹത നടത്തിയ ഒരു കാലം ഉണ്ടായിട്ടില്ല. ഫലത്തിൽ പത്ത് ദിവസം പോലും കിട്ടില്ല ഒരു സ്ഥാനാർത്ഥിക്ക് കൃത്യമായി പ്രചാരണം നടത്താനെന്ന് മറക്കരുതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിങ്ങൾ വിചാരിക്കുന്ന പോലെ ഒരു പ്രശ്നവും കോൺഗ്രസ് പാർട്ടി ഉണ്ടായിട്ടില്ല. ജനാധിപത്യ പാർട്ടിയായതിനാൽ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സമയമെടുക്കും. ഓരോ നേതാക്കൾക്കും സംസാരിക്കാൻ അവകാശമുള്ളതുകൊണ്ട് അവയെല്ലാം ചർച്ച ചെയ്താണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ യാതൊരു വൈകിപ്പിക്കലും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടില്ല എന്നും ഞങ്ങൾ ബഹുദൂരം മുന്നിലാണെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.