കർണാടകയിൽ മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള എസ്.ഡി.പി.ഐ പ്രതിഷേധത്തിൽ കന്യാസ്ത്രീകൾ അണിനിരന്നപ്പോൾ

എസ്.ഡി.പി.ഐയോടൊപ്പം വൈദികർ പ്രതിഷേധത്തിന് അണിനിരന്നത് തെറ്റിദ്ധാരണമൂലം -കെ.സി.ബി.സി

കോട്ടയം: എസ്.ഡി.പി.ഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരന്നത് തെറ്റിദ്ധാരണമൂലമെന്ന് കെ.സി.ബി.സി. ക്രൈസ്തവർക്കുവേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണ്. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്.ഡി.പി.ഐ ഇതിലൂടെ ലക്ഷ്യംവെക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തമാണെന്നും കെ.സി.ബി.സി ഐക്യജാഗ്രതാ കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്.ഡി.പി.ഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാറായിട്ടില്ല.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാൽ അത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാണ് എന്ന് അനേകർ തെറ്റിദ്ധരിക്കാൻ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ എസ്.ഡി.പി.ഐ നേതാക്കൾ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടകയിൽ എസ്.ഡി.പി.ഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയത്. എന്നാൽ, ക്രൈസ്തവർ താൽക്കാലിക നേട്ടത്തിനായി ഒരു വർഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല -ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂർണരൂപം...

എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) കഴിഞ്ഞ നാളുകളിൽ ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐ ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തം. കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്ഡിപിഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാൻ കാലമായിട്ടില്ല.

നിരോധിത തീവ്രവാദ സംഘടനയായ സിമി (Students' Islamic Movement of India - SIMI) യുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട SIMI. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തിൽ ഭീതിയും ആശങ്കയും വളർത്തുകയും ചെയ്തുവന്നിരുന്നതിനാൽ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളിൽനിന്ന് പലപ്പോഴായി ഉയർന്നിട്ടുള്ളതാണ്. പ്രവർത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (SDPI) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാൽ അത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാണ് എന്ന് അനേകർ തെറ്റിദ്ധരിക്കാൻ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ എസ്ഡിപിഐ നേതാക്കൾ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടകയിൽ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ പരസ്പരം സഹായിക്കാനും പിന്തുണ നൽകാനും എല്ലാ സമുദായങ്ങൾക്കും ബാധ്യതയുണ്ട്. എന്നാൽ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാർത്ഥ ലക്‌ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അകറ്റി നിർത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്.

തീവ്ര ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങൾ ക്രൈസ്തവ സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും എതിരെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിർമ്മാണങ്ങൾ നടത്തിയും അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സർക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്. ഈ ഘട്ടത്തിൽ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്. എന്നാൽ മുതലെടുപ്പുകൾക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പിന്തുണയ്ക്കാൻ എന്ന വ്യാജേന വന്നുചേരുന്നവരെ അകറ്റിനിർത്തുക തന്നെവേണം. പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും വിവേകപൂർവ്വമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

വിവിധ രീതിയിൽ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ കേരളത്തിലും കേരളത്തിന് വെളിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവർ താൽക്കാലിക നേട്ടത്തിനായി ഒരു വർഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല എന്നറിയിക്കുന്നു.

ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ

സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Tags:    
News Summary - KCBC jagaratha council press release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.