കൊച്ചി: അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോയുടെ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കർശന നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ഷൈന്‍ ടോം ചാക്കോയെ സിനിമ രംഗത്തു നിന്ന് പുറത്താക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ഷൈനിന്‍റെ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണം. സിനിമ മേഖല സമ്പൂര്‍ണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോക്കെതിരെ മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.
ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45ഓടെയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടുകാരന്‍റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫ് സംഘത്തിന്‍റെ പരിശോധന. എന്നാൽ, ആളെ കണ്ടെത്താനായില്ല.
തുടർന്ന് ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ മുറിയെടുത്തതായി പ്രത്യേക സംഘം കണ്ടെത്തി. ഇതിന് പിന്നാലെ ഷൈനെ കാണാനായി മുറിക്ക് മുമ്പിലെത്തി. എന്നാൽ, ഡോർ കാമറയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ഷൈൻ മുറിയുടെ ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഷൈൻ താമസിച്ച മുറിയുടെ വാതിൽ തുറന്നത്. ഷൈനിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
മുറിയിൽ നിന്ന് ജനാല വഴി ചാടിയ ഷൈൻ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, ഷൈൻ എന്തിനാണ് മുറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടതെന്നാണ് ഡാൻസാഫ് സംഘം സംശയിക്കുന്നത്. ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം. ഷൈന് നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.