കണ്ണൻ, ആടുകിളി നൗഷാദ്

കായംകുളത്തെ ജ്വല്ലറി കവർച്ച: കുപ്രസിദ്ധ മോഷ്​ടാവിനെ തിരുട്ട്​ ഗ്രാമത്തിൽനിന്ന്​ പിടികൂടി​യത്​ സാഹസികമായി

കായംകുളം: താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് കടലൂർ പണ്ടുരുത്തി കാടമ്പുലിയൂർ കാറ്റാണ്ടിക്കുപ്പം മാരിയമ്മൻകോവിൽ മിഡിൽ സ്ട്രീറ്റിൽ കണ്ണൻ കരുണാകരൻ (46), കായംകുളം കൊറ്റുകുളങ്ങര മാവനാട് കിഴക്കതിൽ ആടുകിളി നൗഷാദ് (53) എന്നിവരാണ് പിടിയിലായത്.

സെപ്​റ്റംബർ 11നാണ് ജ്വല്ലറി കുത്തിതുറന്ന് കവർച്ച നടത്തിയത്. ഭിത്തി തുരന്ന് കയറിയ സംഘം ഇരുമ്പ് ലോക്കർ തുറന്ന് 7,85,000 രൂപയുടെ മുതൽ വരുന്ന 10 കിലോയോളം വെള്ളിയാഭരണങ്ങളും ഒരു പവൻ സ്വർണാഭവണവും 40,000 രൂപയുമാണ് അപഹരിച്ചത്. പ്രധാന ലോക്കർ തകർക്കാൻ കഴിയാത്തിനാൽ സ്വർണ ശേഖരം നഷ്​ടമായിരുന്നില്ല.

പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായതിെൻറ ആശ്വാസത്തിലാണ് പൊലീസ്. തുടരെയുള്ള മോഷണത്തിനൊപ്പം സ്റ്റേഷന് വിളിപ്പാടകലെ കൂടി കവർച്ചാസംഘത്തിെൻറ വിളയാട്ടം ഉണ്ടായതോടെ ഉണർന്ന് പ്രവർത്തിച്ചതാണ് കള്ളൻമാരെ കൈയൊടെ പൊക്കാൻ സഹായിച്ചത്. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും ഉൗരിയതോടെ സുരക്ഷിതനായെന്ന് കരുതിയ കുപ്രസിദ്ധ കള്ളനെ മടയിൽ ചെന്ന് പൊക്കാനായി എന്നതും പൊലീസിന് നേട്ടമായി.

സെപ്​റ്റംബർ 11ന് രാവിലെ 9.30ഒാടെ ജ്വല്ലറിക്ക് സമീപത്തെ ആര്യവൈദ്യശാല തുറന്നപ്പോഴാണ് ഭിത്തി തുരന്നത് ശ്രദ്ധയിൽപ്പെടുന്നത്. കൂടുതൽ പരിശോധനയിലാണ് പുറകുവശത്ത് കൂടി കള്ളൻമാർ ജ്വല്ലറിക്കുള്ളിലേക്കാണ് തുരന്നുകയറിയതെന്ന് കണ്ടെത്തുന്നത്.

തെളിവുകൾ അവശേഷിപ്പിക്കാതെ മടങ്ങിയ തസ്കര സംഘത്തെ പിടികൂടാൻ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവർ പലവഴക്കായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. സി.സി.ടി.വികളുടെ പരിശോധനക്കിടെ സംഭവ സ്ഥലത്തിന് സമീപം സംശയാസ്പദമായ നിലയിൽ വന്നുപോയ ഇൻഡിഗോ കാറാണ് തുമ്പായത്.

ഇതിനെ പിന്തുടർന്ന സംഘത്തിന്‍റെ പരിശോധനയിൽ കൊല്ലം വഴി തിരുവനന്തപുരം നഗരത്തിൽ എത്തിയ കാർ പാലോട്, നെടുമങ്ങാട്, ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പ്രവേശിച്ചതായി മനസ്സിലാക്കി. ഇതിനിടെ സമാന കേസിൽ ഉൾപ്പെട്ടവരെ പിന്തുടർന്നുള്ള അന്വേഷണത്തിൽ 2011ൽ കല്ലറയിൽ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളിൽ ക്രൂരനായ കുറ്റവാളിയായ തമിഴ്നാട് സ്വദേശി കണ്ണനെ സംബന്ധിച്ച സൂചനകളും ലഭിച്ചു.

തമിഴ്നാട്ടിൽ പ്രവേശിച്ച കാർ, കേരളത്തിൽ ഉപയോഗിച്ച നമ്പർ മാറ്റി പോണ്ടിച്ചേരി രജിസ്ട്രേഷൻ നമ്പർ പതിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതിനെ പിന്തുടർന്നപ്പോഴാണ് അന്വേഷണം കണ്ണനിലേക്ക് എത്തിയത്. തിരുട്ടുഗ്രാമമായ കടലൂരിൽ കണ്ണൻ എത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്തതിനാൽ ഇങ്ങോട്ട് കയറുക പ്രയാസമായി.

തുടർന്ന് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ മടയിൽ കയറി കണ്ണനെ സാഹസികമായി പൊക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ജയിലിൽ വെച്ച് ആടുകിളി നൗഷാദുമായി നടത്തിയ ഗൂഢാലോചനയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. സംഭവത്തിന് രണ്ട് ദിവസം മുമ്പ് കരീലക്കുളങ്ങര, കൊറ്റുകുളങ്ങര എന്നിവിടങ്ങളിലെ വർക്​ഷോപ്പുകളിൽനിന്നും മോഷ്​ടിച്ച ഗ്യാസ് സിലണ്ടറുകൾ ഉപയോഗിച്ചാണ് ജ്വല്ലറിയുടെ ലോക്കർ തുറക്കാൻ ശ്രമിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മോഷ്​ടാവിനായി ഒരു സംഘം പൊലീസുകാർ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

പിടിയിലായത് സമാനകേസിൽ പരോളിലിറങ്ങിയ സംഘം

നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയായ കണ്ണൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നും പരോളിലിറങ്ങിയാണ് മോഷണത്തിന് എത്തിയത്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോൾ ലഭിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ട നൗഷാദുമായി ജയിലിൽ വെച്ചുള്ള പരിചയമാണ് കായംകുളം മോഷണ കേന്ദ്രമായി തെരഞ്ഞെടുക്കാൻ കാരണമായത്. അതേസമയം, പ്രതികൾ മൊബൈൽ ഉപയോഗിക്കാതിരുന്നത് തടസ്സമായെങ്കിലും കണ്ണന്‍റെ ചിത്രം ലഭ്യമായത് കാര്യങ്ങൾക്ക് വേഗത നൽകി.

തിരുവനന്തപുരത്തുനിന്നും ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക്​ കാറിൽ രക്ഷപ്പെട്ട കണ്ണൻ പൊലീസ് വിരിച്ച വലയിൽ വീഴുകയായിരുന്നു. ഇയാളിൽനിന്നാണ് നൗഷാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്​ നടത്തി. നൂറോളം സി.സി.ടി.വികളാണ് ഇതിനായി പരിശോധിക്കേണ്ടി വന്നതെന്ന് കായംകുളം സി.െഎ മുഹമ്മദ് ഷാഫി പറഞ്ഞു.

കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമേ തൊണ്ടി മുതലുകളെ കുറിച്ച് വ്യക്തത വരുത്താനാകു. ഇതോടൊപ്പം മറ്റ് കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.െഎ മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.െഎ സുധിലാൽ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ബിനു, ലിമു, നിഷാദ്, സുനിൽ, ഗിരീഷ്, ഷാജഹാൻ, ബിജുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Kayamkulam jewelery robbery: Infamous thief caught in Thiruttu village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.