കവിത കൃഷ്ണനെ സി.പി.ഐ (എം.എൽ) ലിബറേഷൻ ചുമതലകളിൽനിന്ന് നീക്കി

ന്യൂഡൽഹി: സി.പി.ഐ (എം.എൽ) ലിബറേഷൻ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാർട്ടി ചുമതലകളിൽനിന്ന് നീക്കി. കവിതയുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ചില നിർണായകമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇത് പാർട്ടി നേതൃത്വത്തിലിരിക്കുമ്പോൾ നടക്കില്ലെന്നുമുള്ളതുകൊണ്ടാണ് ചുമതലകളിൽനിന്ന് നീക്കാൻ അഭ്യർഥിച്ചതെന്ന് അവർ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൽ അവർ മൂന്നു കാര്യങ്ങളാണ് ഉന്നയിച്ചത്. ഒന്ന്, ഇന്ത്യയിലും ലോകത്തും ഉയർന്നുവരുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരായ പോരാട്ടത്തിൽ ലിബറൽ ജനാധിപത്യത്തിന്റെ (അതിന് എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും) പ്രസക്തി. രണ്ട്, ലോകത്തിലെ ഏകാധിപത്യ സംവിധാനങ്ങൾക്ക് മാതൃകയായി നിൽക്കുന്ന വ്യവസ്ഥകളെ തിരിച്ചറിയണം. ചർച്ച സ്റ്റാലിനിലും യു.എസ്.എസ്.ആറിലും ചൈനയിലും ചുറ്റിപ്പറ്റി നിന്നാൽ പോര. മൂന്ന്, ഇന്ത്യയിൽ ഫാഷിസത്തിനും ഏകാധിപത്യത്തിനുമെതിരെ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് തുടർച്ചയുണ്ടാകണം.

താൻ പാർട്ടി അംഗമായി തുടരുമെന്ന് കവിത പറഞ്ഞു. കവിതയും പാർട്ടിയും തമ്മിൽ സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ സംബന്ധിച്ച നിലപാടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. 

Tags:    
News Summary - Kavita Krishnan ‘relieved’ from CPI(ML) leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.