കൊച്ചി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ അടക്കം കേസിലുൾപ്പെട്ട 25 പ്രതികൾ കോടതിയിൽ ഹാജരായി. കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനെത്തുടർന്ന് കോടതി പുറപ്പെടുവിച്ച സമൻസിെൻറ അടിസ്ഥാനത്തിലാണ് ജയരാജൻ അടക്കം ജാമ്യത്തിൽ കഴിയുന്ന 10 പ്രതികൾ ഹാജരായത്. മറ്റ് 15 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ പൊലീസാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളുടെ റിമാൻഡ് നീട്ടിയ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ജയരാജൻ അടക്കമുള്ള 10 പേരുടെ ജാമ്യം നീട്ടി. 50,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ഇവരുടെ ജാമ്യം നീട്ടിനൽകിയത്. സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനന്‍, തലശ്ശേരി ഈസ്റ്റ് കതിരൂര്‍ രാജു എന്ന രാജേഷ്, തലശ്ശേരി മീത്തല്‍ വീട്ടില്‍ മഹേഷ്, ഈസ്റ്റ് കതിരൂര്‍ സുനൂട്ടി എന്ന സുനില്‍ കുമാര്‍, കതിരൂര്‍ ചുണ്ടകപ്പോയില്‍ വി.പി. സജിലേഷ്, കതിരൂർ സ്വദേശികളായ പ്രകാശൻ, കൃഷ്ണൻ, എ. രാമചന്ദ്രൻ, സിറാജ് എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ. എ.എൻ. ഷംസീർ എം.എൽ.എക്കും കാരായി രാജനുമൊപ്പം രാവിലെ 10.45 ഒാടെയാണ് ജയരാജൻ കോടതിയിൽ ഹാജരായത്. കേസ് വീണ്ടും ജനുവരി 18ന് പരിഗണിക്കും. മുഖ്യപ്രതി വിക്രമൻ അടക്കമുള്ളവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മാരുതി ഒമ്നി വാനില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കിഴേക്ക കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ് കുമാര്‍ (42) കൊല ചെയ്യപ്പെട്ടത്. പി. ജയരാജന് രാഷ്ട്രീയമായും വ്യക്തിപരമായും മനോജിനോടുള്ള അടങ്ങാത്ത പകയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലചെയ്യാൻ ആസൂത്രണം നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് സി.ബി.െഎയുടെ ആരോപണം. ആദ്യം 15 പേർക്കെതിരെ കുറ്റപത്രം നൽകിയ സി.ബി.െഎ രണ്ടുമാസം മുമ്പാണ് ജയരാജൻ അടക്കം ആറുപേർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.