തിരുവനന്തപുരം: നെയ്യാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്‌ണേന്ദ്രൻ-43) ആണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 9.30ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിനോട് ചേർന്നുള്ള കടവിലായിരുന്നു അപകടം. വീടിനടുത്തുള്ള ആറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ കൃഷ്ണചന്ദ്രൻ കയത്തിൽപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസും അഗ്നിരക്ഷ സേന സ്കൂബ ടീമും ചേർന്ന് ഇന്നലെ മുതൽ വലിയ തോതിലുള്ള തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇന്ന് രാവിലെ വീണ്ടും നടത്തിയ പരിശോധനയിൽ, അപകടം നടന്ന കടവിൽ നിന്ന് ഏകദേശം 600 മീറ്റർ മാറി മരത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്കൂബ ടീമിലെ ഡൈവർമാരായ പ്രേംകുമാർ, രതീഷ്, പ്രദോഷ്, വിഷ്ണുനാരായണൻ, സജി, ബൈജു, പ്രവീൺ, ശിവഗണേഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിൻകര ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രദേശത്തെ കൗൺസിലറുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.