വിയറ്റ്നാം ബോട്ടപകടം; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും
ഹാനോയ്: വിയറ്റ്നാമിലെ പ്രമുഖ വിനോദ കേന്ദ്രമായ ഫു ക്വാക് ദ്വീപിനുസമീപം സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ 15 വിനോദ സഞ്ചാരികൾ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളും 13 പേർ പുരുഷന്മാരുമാണ്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ, വിക്ടറി വ്യവസായ ഗ്രൂപ് ഉടമ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ളവരാണ് മരിച്ചവരിലേറേയും. നാലുപേർ ആന്ധ്ര സ്വദേശികളാണെന്നും റിപ്പോർട്ടുകളുണ്ട്. ബോട്ടിലുണ്ടായിരുന്ന 32 ഇന്ത്യക്കാരുടെയും പേരു വിവരങ്ങൾ വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടിട്ടുണ്ട്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച ഹോൺ മേ റൂട്ടിൽ നിന്ന് ആൻ തോയ് പോർട്ടിലേക്കുപോയ സ്പീഡ് ബോട്ട് തീരത്തുനിന്ന് 400 മീറ്റർ അകലെവെച്ച് തലകീഴായി മറിയുകയും മുഴുവൻ പേരും വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.
ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്ന ഉടനെ വ്യോമസേനയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ 21 പേരെ രക്ഷപ്പെടുത്തി. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ലാവ മികച്ച വിതരണക്കാർക്കായി സംഘടിപ്പിച്ച വിനോദ യാത്രയുടെ ഭാഗമായവരാണ് ദുരന്തത്തിനിരയായവർ എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് 100ലധികം പേർ വിനോദ യാത്രക്കായി പുറപ്പെട്ടിരുന്നുവെന്ന് രക്ഷപ്പെട്ടവരിൽ ചിലർ പ്രതികരിച്ചു. അതേസമയം, സഹായങ്ങൾക്കും വിവരങ്ങൾക്കുമായി ഹോച് മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഹാനോയിലെ ഇന്ത്യൻ എംബസിയിലും കൺട്രോൾ റൂം തുറന്നതായും എംബസി അധികൃതർ അറിയിച്ചു. +84 36 281 7930, +84 91 552 37 14 and +84 33 452 0414 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഇന്ത്യൻ കോൺസുലേറ്റിലെ കൺട്രോൾ റൂമിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.