ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച ദേ​വ​ന​ന്ദ​ക്ക് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്നു

ഷിഗെല്ല മരണം: ജാഗ്രത നിർദേശം

കാസർകോട്: ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി. അറിയിച്ചു.

എന്താണ് ഷിഗെല്ല?

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തി‍െൻറ പ്രധാന ലക്ഷണം. എന്നാൽ, ഇതു സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്.

രോഗലക്ഷണങ്ങള്‍ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷികുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. 

മുൻകരുതലുകൾ

പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായംതേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

ഭക്ഷണ പദാർഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക. ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുക, ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം . ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക.

കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

പൊലീസ് അന്വേഷണം ഊർജിതമാക്കി

കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. കട ഉടമ നിലവിൽ ഗൾഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പിൽ കുഞ്ഞമ്മദ്, കടയിലെ മാനേജർ പടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യർ മംഗളൂരുവിലെ മുള്ളോളി അനസ്‌ഗർ, കടയിൽ ഷവർമ ഉണ്ടാക്കുന്ന ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ സന്ദേശ് റായ് എന്നിവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇതിൽ സന്ദേശ് റായ്, മുള്ളോളി അനസ്‌ഗർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ കണ്ടു. ജില്ല മെഡിക്കൽ ഓഫിസറുമായി സംസാരിച്ചു. അന്വേഷണം ഊർജിതമാക്കാൻ അന്വേഷണോദ്യോഗസ്ഥനായ ചന്തേര ഇൻസ്‌പെക്ടർ നാരായണന് നിർദേശം നൽകി.

ദേവനന്ദയുടെ മരണം: ശക്തമായ നടപടി വേണം -എം.പി

കാസർകോട്: ചെറുവത്തൂരിൽ അനധികൃതമായി പ്രവർത്തിച്ചുപോന്നിരുന്ന ഭക്ഷണശാലയിൽനിന്ന് ഭക്ഷ്യവിഷബാധമൂലം മരണപ്പെട്ട ദേവനന്ദക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അന്തിമോപചാരമർപ്പിച്ചു. ദേവനന്ദയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയിലും ചെറുവത്തൂരിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെ എം.പി സന്ദർശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുകീഴിൽ ഭക്ഷ്യസുരക്ഷാ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല എന്നതിന്‍റെ ഉദാഹരണമാണ് ദേവനന്ദയുടെ മരണം. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷ പരിശോധനവിഭാഗം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് എം.പി ആരോപിച്ചു.

നിവേദനം നൽകി

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്‍റ് സി.കെ. നാസര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മരിച്ച ദേവാനന്ദയുടെ കുടുംബത്തിന് ചുരുങ്ങിയത് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സ്‌കൂള്‍ പരിസരത്തുള്ള ഫാസ്റ്റ് ഫുഡ്, ഉപ്പിലിട്ടത്, ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - warning about Shigella due to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT