കാസർകോട്: മൊഗ്രാലിൽ പിടിവിടാതെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നതിൽ നാട്ടുകാരിൽ ആശങ്ക. മൊഗ്രാൽ നാങ്കി റോഡിന് സമീപത്തുള്ള പത്തോളം പേർക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളുള്ളതായാണ് വിവരം.
തുടർന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഒരു വീട്ടിലെതന്നെ അഞ്ചോളം പേർക്ക് മഞ്ഞപ്പിത്തമുള്ളതായും പറയുന്നു.
ഏതാനും മാസങ്ങൾക്കുമുമ്പ് മീലാദ് നഗറിലും മുഹിയുദ്ദീൻ ജുമാമസ്ജിദ് പരിസരത്തും ഇതുപോലെ പത്തോളം പേരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പരിശോധനയും ബോധവത്കരണവും വേണമെന്ന് മൊഗ്രാൽ ദേശീയവേദി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലയിൽ മുണ്ടിനീര് വ്യാപിക്കുന്നതിലും ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്. പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങളിൽ ആശുപത്രികളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. എന്നാൽ, സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം രോഗികൾക്ക് ഏറെ ദുരിതമാകുന്ന അവസ്ഥയാണുള്ളത്. ഇതിന് പുറമെയാണ് മരുന്നുക്ഷാമവും.
സർക്കാർ ആശുപത്രികളിൽ ചുമക്കുള്ള മരുന്ന് ഇല്ലാത്തതിനാൽ ഇപ്പോൾ പുറത്തുനിന്ന് വാങ്ങാൻ എഴുതിനൽകുകയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് സാമ്പത്തികപ്രയാസവും ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.