ഇ. പദ്മാവതി, സിജി മാത്യു, വി.പി.പി മുസ്തഫ
കാസർകോട്: സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽനിന്ന് രണ്ടുപേർ പുറത്ത്. വി.കെ. രാജനും സി. പ്രഭാകരനുമാണ് പുറത്തായത്. വി.പി.പി മുസ്തഫ, ഇ. പദ്മാവതി, സിജി മാത്യു എന്നിവരെ ഉൾപ്പെടുത്തി പുതിയ ജില്ല സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തു. പി. ജനാർദനൻ, കെ.വി. കുഞ്ഞിരാമൻ, സാബു എബ്രഹാം, കെ.ആർ. ജയാനന്ദ, വി.വി. രമേശൻ എന്നിവരാണ് ജില്ല സെക്രട്ടറി എം. രാജഗോപാലിന് പുറമെയുള്ള മറ്റു സെക്രട്ടേറിയറ്റംഗങ്ങൾ. അരമണിക്കൂർമാത്രം നീണ്ട യോഗത്തിൽ ജില്ല സെക്രട്ടറി എം. രാജഗോപാലൻ പുതിയ സെക്രട്ടേറിയറ്റംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായമാരാഞ്ഞു. നീലേശ്വരത്തുനിന്ന് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന രണ്ട് അംഗങ്ങൾ പുറത്തായതായി ഏരിയയിൽനിന്നുള്ള ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി എം. രാജൻ എന്നിവർ അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റ് അംഗങ്ങൾ ഏരിയ സംവരണമല്ലെന്ന് നേതൃത്വം അറിയിച്ചതോടെ കൂടുതൽ ചർച്ചയുണ്ടായില്ല. വി.കെ. രാജനെ പുറത്തുനിർത്തിയത് ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡിന്റെ ചില്ലറ വിൽപനശാലയുമായുള്ള വിവാദത്തെത്തുടർന്നാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ജില്ല സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി തന്നെ സൂചിപ്പിച്ചിരുന്നു.
വിവാദം ഉയർന്നപ്പോൾ തന്നെ വി.കെ. രാജനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തിൽനിന്ന് നിർദേശിച്ചിരുന്നത്രെ. എന്നാൽ, അന്നത്തെ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ നിർദേശം പരിഗണിക്കാതിരിക്കുകയായിരുന്നു. ബാലകൃഷ്ണന് ജില്ല സെക്രട്ടറി സ്ഥാനത്ത് ഒരുതവണ കൂടി അവസരം നൽകാൻ കഴിയുമായിരുന്നിട്ടും പരിഗണിക്കാതിരിക്കാൻ ഈ വീഴ്ചയും കാരണമായതായി പറയുന്നു. മദ്യശാല വിവാദത്തിൽ എം.വി. ഗോവിന്ദന്റെ പേര് പാർട്ടിക്കുള്ളിൽ ഉയർത്തികൊണ്ടുവന്നതും കടുംവെട്ടിനു കാരണമായി. സെക്രട്ടേറിയറ്റംഗം എന്ന നിലയിൽ സി. പ്രഭാകരന്റെ പ്രകടനം വേണ്ടത്ര ഫലപ്രദമായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ ഉൾപ്പെടുത്താതിരിക്കാൻ കാരണം. കെ. മണികണ്ഠന് തടസ്സമായത് പെരിയ ഇരട്ടക്കൊലകേസാണ്. സിജിയും മണികണ്ഠനും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമാരാണ്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ മുതിർന്ന പാർട്ടി നേതാവാണ്.
അദ്ദേഹം സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും ജില്ല കമ്മിറ്റിയിൽ ഒതുങ്ങി. നിലവിൽ സാബു എബ്രഹാം, വി.പി.പി. മുസ്തഫ എന്നിവർ സി.ഐ.ടിയു നേതാക്കളാണ്. ജില്ല കമ്മറ്റി യോഗത്തിൽ പി. ജനാർദനൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ എന്നിവർ സംസാരിച്ചു.
രാജന്റെ പടിയിറക്കത്തിൽ ഞെട്ടി അണികൾ
കാഞ്ഞങ്ങാട്: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്വത്തിൽനിന്ന് വി.കെ. രാജനെ ഒഴിവാക്കിയതിൽ ഞെട്ടി അണികൾ. നീലേശ്വരം ഏരിയയിൽ നിന്നുള്ള രാജൻ വിദ്യാർഥി -യുവജന -കർഷക തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്നതാണ്. കഴിഞ്ഞ ജില്ല നേതൃത്വത്തിന് ഏറെ സ്വീകാര്യനായ രാജൻ സെക്രട്ടേറിയറ്റിൽനിന്ന് ഇറങ്ങിയേക്കുമെന്ന സൂചന വരുന്നത് സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ്.
ചെറുവത്തൂരിൽ ബീവറേജസ് കോർപറേഷന് കീഴിൽ സ്ഥാപിച്ച സർക്കാർ മദ്യവിൽപനശാല അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട വിവാദമാണ് രാജനെതിരെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ രാജനെ ഒഴിവാക്കിയതിനെ ആരും ചോദ്യചെയ്തില്ല. രാജൻ കൺസ്യൂമർ ഫെഡ് ബോർഡ് അംഗമാണ്. ചില്ലറ വിൽപനശാല തുറന്നതും തുടർന്ന് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്നം സി.പി.എമ്മിനെ ചെറിയ രീതിയിലല്ല ഉലച്ചത്. ജില്ല സെക്രട്ടറിക്കുപോലും മറുപടി പറയാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. കൺസ്യൂമർ ഫെഡിനെ കൊണ്ട് കൃത്യമായ നിലപാട് എടുപ്പിക്കാൻ രാജൻ ഉൾപ്പെട്ട ഭരണസമിതിക്കായില്ല. ഇത് എക്സൈസ് ചുമതല വഹിച്ചിരുന്ന എം.വി. ഗോവിന്ദനെതിരെയുള്ള ആരോപണത്തിൽവരെ എത്തിച്ചേർന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടുകുറച്ചു. പാർട്ടിയുടെ ഉരുക്കു കോട്ടയായ ചെറുവത്തൂരിൽ മാത്രം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് അയ്യായിരത്തിലേറെ വോട്ടു കുറയാൻ മദ്യശാല വിവാദം കാരണമായിരുന്നു. ഇക്കാര്യം സമ്മേളനങ്ങളിലും ചർച്ചയായി. 2023 നവംബറിലാണ് ചെറുവത്തൂരിൽ സർക്കാർ മദ്യവിൽപന കേന്ദ്രം ആരംഭിച്ചത്.
ഒറ്റ ദിവസം കൊണ്ട് ഒമ്പതര ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെനിന്ന് വിറ്റഴിച്ചത്. എന്നാൽ, ഉദ്ഘാടന ദിവസം തന്നെ ഈ കേന്ദ്രം അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകിയിരുന്നു. മദ്യ വിൽപനശാല പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചുമട്ട് തൊഴിലാകൾ മൂന്നാഴ്ചയോളം സമരം നടത്തിയിരുന്നു. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം, ബോർഡുകൾ എന്നിവയും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.