കാസർകോട്: തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ കുന്നിടിച്ചിലിനെ തുടർന്ന് പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണത്തിൽ ദുരിതത്തിലായത് സ്ഥിരം യാത്രക്കാർ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെർക്കള-കണ്ണൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ബസടക്കമുള്ളവക്ക് യാത്രനിരോധനം ഏർപ്പെടുത്തിയിരുന്നത്.
ഈ നിരോധനം മൂലം പെരുവഴിയിലായത് ഉദ്യോഗസ്ഥരും വിദ്യാർഥികളുമടങ്ങുന്ന യാത്രക്കാരുമാണ്. കാസർകോട് കലക്ടറേറ്റിലും ഗവ. കോളജിലും നായന്മാർ മൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ, വാട്ടർ അതോറിറ്റി, ചെർക്കളയിൽനിന്ന് ബദിയഡുക്ക-ജാൽസൂർ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരും വിദ്യാർഥികളും ഓഫിസ് സമയവും കഴിഞ്ഞാണ് ഇപ്പോൾ എത്തുന്നത്.
കാസർകോട്ടെ പ്രധാന ജങ്ഷനാണ് ചെർക്കളയിലേത്. കാഞ്ഞങ്ങാടുനിന്നും മറ്റും വരുന്ന ജോലിക്കാരടക്കമുള്ളവർക്കാണ് ഗതാഗത നിരോധനം കൂടുതൽ ദുരിതമായിരിക്കുന്നത്. ഇവർ കാസർകോട് പഴയ പ്രസ് ക്ലബ് ജങ്ഷനിൽ ഇറങ്ങി പിന്നീട് ഓട്ടോ പിടിച്ചുവേണം പുതിയ ബസ് സ്റ്റാൻഡിലെത്താൻ.
പുതിയ സ്റ്റാൻഡ് കഴിഞ്ഞ് ചെർക്കള ഭാഗത്തേക്കും മറ്റും പോകേണ്ടവർ വീണ്ടും മറ്റ് വാഹനങ്ങളെയോ ബസിനെയോ ആശ്രയിക്കേണ്ടിവരുന്നു. മഴകൂടി എത്തുമ്പോൾ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും കാരണം ദുരിതവും സമയവും ഇരട്ടിക്കുന്നു. ഇത് ഓഫിസിലും മറ്റ് സ്ഥാപനങ്ങളിലും സമയത്തിനെത്തേണ്ടവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചെർക്കള-കണ്ണൂർ ദേശീയപാത വഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മിക്ക വാഹനങ്ങളും സംസ്ഥാന പാതയായ ചന്ദ്രഗിരി പാലം വഴിയാണ് കാസർകോട്ടെത്തുന്നത്. ഇതാണെങ്കിൽ കിലോമീറ്ററോളം വലിയ ഗർത്തങ്ങളുള്ള റോഡാണ്. നിരവധി അപകടങ്ങളടക്കം മേഖലയിൽ പതിവാണ്. മണ്ണിടിച്ചിലിനെ തുടർന്ന് കാസർകോട് പൊലീസാണ് കെ.എസ്.ആർ.ടി.സിക്കടക്കം വാഹനങ്ങൾക്ക് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ബുധനാഴ്ച ചെർക്കള വഴി സർവിസ് നടത്താനാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചത്. അതേസമയം, എത്രയുംപെട്ടെന്ന് ചെർക്കള ഭാഗങ്ങളിലെ പ്രവൃത്തി തീർക്കുമെന്നും ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടക്കുകയാണെന്നും മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയാണെങ്കിലും ഗതാഗത നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചതും പൊതുജനങ്ങളെതന്നെയാണ്. എത്രയുംപെട്ടെന്ന് മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കി ഗതാഗതം സാധ്യമാക്കണമെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.