കാടുമുടി വൃത്തിഹീനമായിക്കിടക്കുന്ന കലോത്സവനഗരിയിലെ സ്കൂൾ റോഡ്

റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ദിനങ്ങൾ മാത്രം; സ്കൂൾ റോഡിലേക്ക് തിരിഞ്ഞുനോക്കാതെ പി.ഡബ്ല്യു.ഡി

മൊഗ്രാൽ: റവന്യൂ ജില്ല സ്കൂൾ കലോത്സവം മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ മാസം 29, 30, 31 തീയതികളിലായി നടക്കാനിരിക്കെ, ശോച്യാവസ്ഥയിലുള്ള സ്കൂൾ റോഡ് നന്നാക്കണമെന്ന ആവശ്യത്തിൽ മുഖംതിരിച്ച് പി.ഡബ്ല്യു.ഡി. കലോത്സവത്തിന്റെ പ്രധാന കവാടമായ മൊഗ്രാൽ ടൗൺ മുതൽ യുനാനി ഡിസ്പെൻസറിവരെയുള്ള സ്കൂൾ റോഡിന്റെ ഇടതുവശത്ത് കാടുകൾ നിറഞ്ഞും മണ്ണുകൾ കൂട്ടിയിട്ടും വികൃതമായിക്കിടക്കുന്നത് മാസങ്ങൾക്ക് മുമ്പുതന്നെ പി.ഡബ്ല്യു.ഡി അധികൃതരെ സ്കൂൾ പി.ടി.എയും സന്നദ്ധസംഘടനകളും ശ്രദ്ധയിൽപെടുത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

നന്നാക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പും നൽകിയതാണ്. എന്നാൽ, കലോത്സവത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കുമ്പോഴും പി.ഡബ്ല്യു.ഡിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈമാസം ആദ്യം നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് മുമ്പുതന്നെ സ്കൂൾ റോഡ് ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോൾ സ്കൂൾ അധികൃതരും സബ് കമ്മിറ്റി ഭാരവാഹികളും എ.ഇയേയും പി.ഡബ്ല്യു.ഡി ഓഫിസിലേക്കും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലെന്നാണ് പരാതി. വിവരം സംഘാടകസമിതി അംഗങ്ങൾ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - The PWD did not look back at the school road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.