വോട്ടുതള്ളിക്കാൻ വ്യാജ പരാതിയെന്ന്; ബി.ജെ.പി ജില്ല സെക്രട്ടറിക്കെതിരെ കേസ്

കാസർകോട്: വിദേശിയാണെന്നാരോപിച്ച് വോട്ടർപട്ടികയിലെ പേര് തള്ളാൻ വ്യാജപരാതി നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി ജില്ല സെക്രട്ടറിക്കെതിരെ കലക്ടറുടെ പരാതിയിൽ കേസ്. ബി.ജെ.പി ജില്ല സെക്രട്ടറി യോഗേഷ് നോണ്ടക്കെതിരെയാണ് കേസ്.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലെ മുഹമ്മദിനെ വിദേശിയാക്കി ചിത്രീകരിച്ച് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഫോറം- ഏഴു പ്രകാരം സമർപ്പിച്ച പരാതിയിൽ നിയമാനുസൃതമായ ഹിയറിങ് നടത്തിയിരുന്നു. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനായില്ല.

ഇതേത്തുടർന്ന് അസത്യവും അടിസ്ഥാനരഹിതവുമായ പരാതിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പരാതി തള്ളുകയും മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ ഉത്തരവിടുകയുമായിരുന്നു. മനപൂർവം തെറ്റായവിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതിനാൽ ജനാധിപത്യനിയമം 1950ലെ സെക്ഷൻ 51 പ്രകാരം ശിക്ഷാർഹമായ കുറ്റമായി പരിഗണിച്ച് പരാതിക്കാരനെതിരെ എഫ്.ഐ.ആർ രജിസ്ടർ ചെയ്ത് നിയമനടപടി സ്വീകരിക്കാനും കലക്ടർ നിർദേശം നൽകി.

കുറ്റം തെളിയിക്കപ്പെട്ടാൽ ഒരുവർഷംവരെ തടവോ പിഴയോ ശിക്ഷ ലഭിക്കും. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോറം-ഏഴ് പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും മനഃപൂർവം വ്യാജവിവരങ്ങൾ നൽകി ജനാധിപത്യ പ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി വോട്ടർപട്ടികയുടെ ശുദ്ധിയും കൃത്യതയും നിർണായകമാണെന്നും വ്യാജപരാതി നൽകി പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ നിയമപരമായി നേരിടുമെന്നും കലക്ടർ അറിയിച്ചു.ബി.ജെ.പി വോട്ടുതള്ളാൻ പരാതി നൽകിയ പൈവളിഗെയിലെ മുഹമ്മദിനെ മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞദിവസം എ.കെ.എം. അഷ്റഫ് എം.എൽ.എയും യു.ഡി.എഫ് നേതാക്കളും കൊണ്ടുവന്നിരുന്നു. നിരവധി വർഷമായി വോട്ടവകാശം വിനിയോഗിക്കുന്ന മുഹമ്മദ് പൈവളിഗെ പഞ്ചായത്തിലാണ് ജനിച്ചതും ജീവിക്കുന്നതും.

Tags:    
News Summary - Case against BJP district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.