മധൂർ: തെരുവുനായ്ക്കൾ കടിച്ചുകീറിയത് സഫ്വാന്റെ കോഴികളെയല്ല, ജീവിതത്തെ കൂടിയാണ്. അപകടത്തിൽപെട്ട് അറ്റുതൂങ്ങിയ കൈകളുമായി ലക്ഷങ്ങൾ ചെലവഴിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ ജീവിക്കാനുണ്ടാക്കിയ വഴിയാണ് കോഴിവളർത്തൽ. കഴിഞ്ഞ ദിവസം തന്റെ നാടൻകോഴി വളർത്തൽ കേന്ദ്രം തകർത്ത് തെരുവു നായ്ക്കൂട്ടം 50 ഓളം കോഴികളെയും താറാവുകളെയുമാണ് കൊന്നൊടുക്കിയത്. മധൂർ പട്ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്തെ നടൻ കോഴിവളർത്തൽ കേന്ദ്രമാണ് തകർത്തത്. 3000ത്തിലേറെ രൂപ വിലവരുന്ന മികച്ച പ്രത്യുൽപാദനശേഷിയുള്ള ആറു പൂവൻ കോഴികളും കൊന്നൊടുക്കിയ കോഴികളുടെ കൂട്ടത്തിലുണ്ട്.
മധൂർ കല്ലക്കട്ടയിലെ സഫ് വാന്റെ കോഴിവളർത്തൽ കേന്ദ്രമാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി തകർത്ത് കോഴികളെ കൊന്നത്. വെള്ളിയാഴ്ച പുലർച്ച 5.30നാണ് സംഭവം. പുലർച്ച ശബ്ദം കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് തെരുവുനായ്ക്കുട്ടത്തിന്റെ പരാക്രമം കണ്ടത്. വടിയെടുത്ത് നായ്ക്കളെ ഓടിച്ചാണ് മറ്റുകോഴികളെ രക്ഷിച്ചത്. അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്ന് സഫ് വാൻ പറഞ്ഞു.
ഇലക്ട്രീഷ്യനായ സഫ് വാന്‍ ഒരു വർഷം മുമ്പ് അപകടത്തിൽപെട്ടിരുന്നു. കട്ടർ മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതി ഓഫായി. മെഷീൻ എടുത്ത് വെക്കുന്നതിനിടെ വീണ്ടും വൈദ്യുതി പ്രവാഹം ഉണ്ടാകുകയും മെഷീൻ പെട്ടെന്ന് പ്രവർത്തിക്കുകയും ചെയ്തതിനെ തുടർന്ന് ഇരു കൈയും അറ്റുതൂങ്ങി.
മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. 25 ലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തിയാണ് യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സർക്കാറിന്റെ സഹായത്തോടെ ഹാച്ചറി ഉൾപ്പെടെ സ്ഥാപിച്ച് കോഴിവളർത്ത് കേന്ദ്രവും മുട്ട ഉൽപാദനവും വിപുലമാക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടയിലാണ് കോഴിവളർത്ത് കേന്ദ്രം തെരുവുനായ്ക്കൂട്ടം തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.