കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമിൽ
തമ്പടിച്ച തെരുവ് നായ്ക്കൾ
റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമുകള് കൈയടക്കി തെരുവ് നായ്ക്കൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് പ്ലാറ്റ് ഫോമുകള്‍ തെരുവ് നായ്ക്കള്‍ കൈയടക്കി. ഇതോടെ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകളില്‍ നായ്ക്കള്‍ നിരന്നുകിടക്കുന്നത് പതിവുകാഴ്ചയാണ്. സ്ത്രീകളും കുട്ടികളുമടക്കം ദിവസവും ആയിരങ്ങളെത്തുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരില്‍ ആശങ്കയുളവാക്കിയാണ് തെരുവ് പട്ടികൾ നിറഞ്ഞിരിക്കുന്നത്. ഉപദ്രവകാരികളായ നായ്ക്കളും ഇക്കൂട്ടത്തിലുണ്ടെന്ന് യാത്രക്കാർ പറയുന്നു. ട്രെയിനില്‍ കയറാന്‍ പോകുകയായിരുന്ന സ്ത്രീയെ തെരുവ് നായ് കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ട്രെയിനില്‍ കയറാൻ പ്ലാറ്റ് ഫോമിലൂടെ ഓടുകയായിരുന്ന വീട്ടമ്മ പ്ലാറ്റ് ഫോമിൽ കിടന്ന നായെ അറിയാതെ ചവിട്ടുകയായിരുന്നു. ഇതോടെ നായ സ്ത്രീയുടെ കാലില്‍ കടിച്ചു. ഒരു മാസം മുമ്പാണ് സംഭവം. പ്ലാറ്റ്ഫോമില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന നായ്കളെ മറികടന്ന് പോകുമ്പോൾ അറിയാതെ ചവിട്ടിപ്പോകുന്നത് വലിയ അപകടം ഉണ്ടാക്കുന്നു.
ചില നായ്കള്‍ കുരച്ചുകൊണ്ട് യാത്രക്കാര്‍ക്ക് പിറകെ ഓടുന്നത് പതിവാണ്. തീവണ്ടിചൂളം വിളിച്ച് വരുന്നത് കാണുമ്പോൾ നായ്ക്കള്‍ പ്ലാറ്റ് ഫോമിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് അപകടത്തിനിടയാക്കുന്നു. ഈ സമയത്ത് യാത്രക്കാര്‍ക്കുനേരെ നായ്ക്കള്‍ കുരച്ചുചാടുകയും ഉപദ്രവിക്കാന്‍ മുതിരുകയും ചെയ്യുന്നു. പ്ലാറ്റ് ഫോമില്‍ നായ്ക്കള്‍ കടിപിടികൂടുന്നതും യാത്രക്കാരെ ഭയപ്പെടുത്തുന്നു.
പ്ലാറ്റ്ഫോം ശുചീകരണസമയത്ത് നായ്ക്കള്‍ റെയിൽവേയുടെ ശുചീകരണവിഭാഗം ജീവനക്കാര്‍ക്ക് വലിയ ശല്യമാകുകയാണ്. ശുചീകരണസമയത്ത് തടസ്സമാകുന്ന ഇവയെ ഓടിക്കാന്‍ ജീവനക്കാര്‍ പാടുപെടുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ മാലിന്യവും യാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും കഴിക്കാനാണ് നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നത്. റെയിൽവേ സ്റ്റേഷൻ, മൽസ്യമാർക്കറ്റ് പരിസരത്തും റോഡിലും ഭീഷണിയായി നായ്ക്കൂട്ടങ്ങൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.