വീടിനടിയിൽ ഗുഹ; താമസിക്കരുതെന്ന് അധികൃതർ; പുതിയ വീടൊരുക്കാൻ ജനകീയ കൂട്ടായ്മ

കാസര്‍കോട്: ഗൃഹ​പ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ അടിയിൽ വൻ ഗുഹ കണ്ടെത്തിയ കാസര്‍കോട് കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ. സദന്റെ വീട് താമസയോഗ്യമല്ലെന്ന് ജിയോളജി റി​പ്പോർട്ട്. ഇതോടെ പകരം മറ്റൊരുവീട് നിർമിക്കാൻ ജനകീയ കൂട്ടായ്മയുടെ തീരുമാനം.

മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ഒറ്റനില കോണ്‍ക്രീറ്റ് വീടിനടിയിലാണ് മീറ്ററുകളോളം നീളത്തിൽ വൻ ഗുഹ കണ്ടെത്തിയത്. കുടുംബത്തിന് പുതിയ വീട് നിർമിക്കാൻ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻറ് കെ ശോഭന കുമാരിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ചു. നിർമാണ​ത്തുക കണ്ടെത്താൻ കേരള ബാങ്കിന്റെ മുന്നാട് ബ്രാഞ്ചിൽ സുമനസ്സുകളുടെ സഹായംതേടി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം ലഭ്യമാക്കു​മെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നു. ലോണെടുത്തും കടംവാങ്ങിയും ഭാര്യയുടെ കയ്യിലുള്ള സ്വർണം വിറ്റുമെല്ലാം 30 ലക്ഷത്തോളം രൂപ കണ്ടെത്തിയായിരുന്നു സദൻ വീട് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, സെപ്റ്റിക് ടാങ്കിന്റെ കുഴിയെടുക്കുന്നതിനിടെ അടിയിൽ വലിയ ഗുഹ കണ്ടെത്തുകയായിരുന്നു. 90 ശതമാനവും പണി പൂർത്തിയായ വീടിന് അടിയിൽക്കൂടിയാണ് തുരങ്കം പോലെയുള്ള ഗുഹ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളവും ഒഴുകുന്നുണ്ടായിരുന്നു. ജിയോളജി, സോയിൽ ഡിപ്പാർട്ട്മെൻറുകൾ നടത്തിയ പരിശോധനയിൽ ഗുഹ രൂപപ്പെട്ടതിന് കാരണം സോയിൽ പൈപ്പിങ് ആണെന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Cave found under house, Geology Dept bans residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.