തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം വരുന്നു; തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പിനും പദ്ധതി
നീലേശ്വരം: നഗരസഭ പരിധിയിൽ തെരുവുനായ്കളുടെ ശല്യം രൂക്ഷമായതോടെ ഇവയെ പിടികൂടി പാർപ്പിക്കാനായി പ്രത്യേക ഷെൽറ്റർ ഹോം പദ്ധതി ആരംഭിക്കുമെന്ന് ചെയർമാൻ പി.പി മുഹമ്മദ് റാഫി അറിയിച്ചു. ജനകീയ ബോധവൽക്കരണത്തോടെയും സഹകരണത്തോടെയും സൗകര്യപ്രദമായ ഇടം കണ്ടെത്തിയാണ് ഷെൽട്ടർ ഹോം ഒരുക്കുക. ഇതിനൊപ്പം തെരുവുനായ്കൾക്ക് പ്രതിരോധ കുത്തിവെപ്പിനും പദ്ധതിയുണ്ടാകും. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചായിരിക്കും ഇത്.
തെരുവുനായ്കളെ പിടികൂടി വന്ധ്യംകരിക്കാൻ പട്ടിപിടുത്തക്കാരുടെ ഉൾപ്പെടെ സേവനം ആവശ്യമായി വരും. രണ്ട് പദ്ധതികൾക്കും ഓരോ ലക്ഷം രൂപ വീതമാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. തെരുവുനായ്കളുടെ വംശവർധന തടയാൻ ജില്ല അനിമൽ ബർത്ത് കൺട്രോൾ യൂനിറ്റുമായി ജില്ല പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലുള്ള പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കും. ഇതിനൊപ്പം ബോധവൽക്കരണ പരിപാടികളും കാര്യക്ഷമമായി തുടരാനും തീരുമാനമുണ്ട്. സർക്കാർ ഓഫിസ് സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഇവ അഭയം തേടി പെറ്റുപെരുകുന്നത് ഒഴിവാക്കാൻ ഓരോ സ്ഥലത്തും നോഡൽ ഓഫിസർമാരെ നിയോഗിക്കാനും ഇവക്ക് ഭക്ഷണവും വിശ്രമസ്ഥലവും കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനും പരിധിയിലെ സ്ഥാപനങ്ങളോട് നഗരസഭ രേഖാമൂലം ആവശ്യപ്പെടും. ഞായറാഴ്ച രാത്രി തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം നൽകുന്നതും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.