ചട്ടഞ്ചാൽ: മഷിക്കുപ്പി വറ്റിവരളുകയും അക്ഷരങ്ങൾ മൊബൈൽ ആപ്പുകളിൽ യാത്രിക രൂപം പ്രാപിക്കുകയും ചെയ്തുവെന്ന് കരുതിയവർക്ക് തെറ്റി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മലയാളം വിഭാഗം വിദ്യാർഥികൾ കൈയെഴുത്ത് മാഗസിൻ പുറത്തിറക്കി അതുതെളിയിച്ചു.
കാസർകോട് ബി.ആർ.സി.യുടെ ബഡ്ഡിംഗ് റൈറ്റേഴ്സ് വായനാകൂട്ടം എഴുത്തുകൂട്ടം പരിപാടിയുടെ ഭാഗമായി സ്കൂൾ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കെയെഴുത്ത് മാഗസിൻ ‘മഷിക്കുപ്പി’ തയാറാക്കിയത്. 150ഓളം പേജുകളുള്ള മാഗസിനിൽ സർഗാത്മക രചനകൾ നിർവഹിച്ചത് 50 ഓളം വിദ്യാർഥികളാണ്. കഥ, കവിത, ലേഖനം, ആസ്വാദനം, ചിത്രരചന തുടങ്ങി അവർ തുറന്ന പുതിയ മഷിക്കുപ്പിയിൽ പേന മുക്കി ഭാവനയുടെ എല്ല മേഖലകളെയും സ്പർശിച്ചു.
രചനക്ക് മുമ്പ് പുസ്തക പ്രദർശനവും വായന പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മാഗസിൻ നിർവഹണം. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ പി.വി. മനോജ്കുമാർ മാഗസിൻ പ്രകാശനം നിർവഹിച്ചു. കെ. എൻ. വാസുദോവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുരേഖ ബേബി, എം. പ്രസീന, സ്നേഹപ്രഭ, കവിത, ശിൽപ, ഭവ്യ എന്നിവർ സംസാരിച്ചു. എം. ശുഭ സ്വാഗതവും വിദ്യാർഥിനി ശ്രേയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.