ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​, എം. ​ബ​ൽ​രാ​ജ്

നിയമസഭ തെരഞ്ഞെടുപ്പ്; കാഞ്ഞങ്ങാട്ട് ചിത്രം തെളിഞ്ഞു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യു.ഡി.എഫിൽ കേരള കോൺഗ്രസ് (ജോസഫ്) മത്സരിക്കും. ഷൈജി ഓട്ടപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇടതുസ്ഥാനാർഥി സി.പി.ഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രചാരണം ആരംഭിച്ചതിനുപിന്നാലെയാണ് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് വിട്ടുകൊടുത്ത് യു.ഡി.എഫ് തീരുമാനം വന്നത്. ബി.ജെ.പിയുടെ എം. ബൽരാജിനെ എൻ.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോൺഗ്രസിന്റെ സീറ്റ് ഇത്തവണ കേരള കോൺഗ്രസിന് കൈമാറുകയായിരുന്നു.

കോൺഗ്രസ് മത്സരിച്ചുവന്ന മണ്ഡലം കേരള കോൺഗ്രസ് ജോസഫിന് കൈമാറുമ്പോൾ യു.ഡി.എഫ് വോട്ട് നിലനിർത്തുന്നതിനൊപ്പം മലയോരമേഖലയിലെ ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. അതേസമയം, എതിരാളി കേരള കോൺഗ്രസ് ആയത് ഗുണകരമെന്ന് ഇടതുപക്ഷവും വിലയിരുത്തുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് ഏറ്റവും ഒടുവിൽ വിജയിച്ചത് 1987ൽ മാത്രമാണ്. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എന്‍. മനോഹരനായിരുന്നു വിജയിച്ചത്.

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. വോട്ടുകളുടെ കണക്കെടുത്താല്‍ കാഞ്ഞങ്ങാട്, അജാനൂര്‍, പനത്തടി എന്നിവിടങ്ങളില്‍ ഇരുമുന്നണിയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കോടോം-ബേളൂരിലും കിനാനൂര്‍-കരിന്തളത്തും എല്‍.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. മടിക്കൈ ഇടതുകോട്ടയാണ്. കള്ളാറും ബളാലും യു.ഡി.എഫിന്റെ ഉറച്ചകോട്ടകള്‍. ഈ രണ്ടിടങ്ങളില്‍ മാത്രമാണ് യു.ഡി.എഫിപ്പോൾ ഭരണത്തിലുള്ളത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തില്‍നിന്ന് 2050 വോട്ടുകളുടെ ലീഡ് നേടിയിരുന്നു. അന്ന് യു.ഡി.എഫ് 69,171 വോട്ടുകളും എല്‍.ഡി.എഫ് 67,121 വോട്ടുകളും എന്‍.ഡി.എ 29,301 വോട്ടുകളുമാണ് നേടിയത്.

ഒപ്പത്തിനൊപ്പമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ലീഡ് നേടിയതിനൊപ്പം കോടോം-ബേളൂരിലും കിനാനൂര്‍-കരിന്തളത്തുമെല്ലാം പരമാവധി വോട്ടുകള്‍ സമാഹരിച്ചുകൊണ്ടായിരുന്നു യു.ഡി.എഫിന്റെ മുന്നേറ്റം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ചിത്രം മാറുന്നു. യു.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാൻ സാധിക്കാറില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഇ. ചന്ദ്രശേഖരന്‍ 27,139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒടുവില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോഴും 14,915 വോട്ടുകളുടെ ഭൂരിപക്ഷം എല്‍.ഡി.എഫിനുണ്ട്. എല്‍.ഡി.ഫിന് 82,825 വോട്ടുകളും യു.ഡി.എഫിന് 67,910 വോട്ടുകളും എന്‍.ഡി.എക്ക് 21,672 വോട്ടുകളുമാണ് ലഭിച്ചത്.

Tags:    
News Summary - Assembly elections; Kanhangad picture emerges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.