നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട്
നീലേശ്വരം: നൂറുകണക്കിനാളുകൾ നിത്യവും നടന്നുപോകുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ ആദ്യ വേനൽമഴയിൽതന്നെ വെള്ളക്കെട്ട്. റോഡിൽ കെട്ടിക്കിടക്കുന വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്ത അവസ്ഥയാണ്. തിങ്കളാഴ്ച രാത്രി പെയ്ത വേനൽമഴയിലാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. സമീപത്തെ റെയിൽവേയുടെ ഡ്രെയ്നേജ് സംവിധാനം ആകെ തകർന്നിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ മുറിച്ചുമാറ്റിയ തണൽമരങ്ങൾ ഓവുചാലിലാണ് തള്ളിയത്. കൂടാതെ, കാടുമൂടിയും ചപ്പുചവറുകൾ നിറഞ്ഞും ഓടകൾ പൂർണമായും അടഞ്ഞ നിലയിലാണ്.
നിലവിൽ റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്ത് ഉയർത്തിയിരിക്കുകയാണ്. ഇതുകാരണം നിലവിലെ റോഡ് വളരെ താഴ്ന്നനിലയിലാണ്. മഴ കനക്കുന്നതോടെ വെള്ളം കുത്തിയൊലിച്ച് റോഡിലൂടെ ഒഴുകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചാൽ കാൽനടയായും വാഹനത്തിലും റെയിൽവേ സ്റ്റേഷനിലെത്താൻ മഴക്കാലത്ത് വലിയ പ്രയാസമായിരിക്കും.
കേരള ജല അതോറിറ്റിക്കുവേണ്ടി കരാറുകാരൻ പുതിയ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട് റോഡ് പൂർവസ്ഥിതിയിലാക്കാതെ പോയതുകാരണം മറ്റൊരു വെള്ളക്കെട്ടും നിലവിൽ ഇവിടെയുണ്ട്. സമീപത്തെ വലിയ കുഴി ഓട്ടോത്തൊഴിലാളികളാണ് കോൺക്രീറ്റ് ചെയ്ത് താൽക്കാലികമായി അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.