നിര്‍മാണം അന്തിമഘട്ടത്തിലുള്ള കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ വടക്കുഭാഗത്തെ നടപ്പാലം

റെയില്‍വേ സ്റ്റേഷന്‍ നടപ്പാല നിര്‍മാണം അന്തിമഘട്ടത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിൽ വടക്കുഭാഗത്തെ മേല്‍നടപ്പാല നിര്‍മാണം അന്തിമഘട്ടത്തിൽ. നടപ്പാത തുറന്നുകൊടുക്കുന്നതോടെ യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാം. രണ്ട് പ്ലാറ്റ് ഫോമുകളിലും ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. നടപ്പാലത്തില്‍ ലിഫ്റ്റ് സംവിധാനം പിന്നീട് ഏര്‍പ്പെടുത്തും. നടപ്പാലമില്ലാത്തതിനാല്‍ ഈ ഭാഗത്ത് പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. രാത്രി കാലങ്ങളില്‍ പാളം മുറിച്ചുകടക്കുന്നവരാണ് മരിച്ചവരിലേറെയും.

2024 സെപ്തംബര്‍ 14ന് രാത്രി ഏഴേകാലിന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍റെ വടക്കുഭാഗത്ത് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി കോട്ടയം സ്വദേശിനികളായ മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു. ഈ സംഭവത്തോടെയാണ് മേല്‍നടപ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുൻ എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണായിരുന്ന കെ.വി. സുജാത എന്നിവരുടെയും നഗരത്തിലെ പൗരാവലിയുടെയും ഇടപെടലിന്റെ ഫലമായി റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും മേല്‍നടപ്പാലം നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

നടപ്പാലനിര്‍മാണത്തിന് സാമഗ്രികള്‍ ഇറക്കിയെങ്കിലും പ്രവൃത്തി മന്ദഗതിയിലായതിനെ തുടര്‍ന്ന് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും കാഞ്ഞങ്ങാട്ടെ ജനകീയ കൂട്ടായ്മയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പ്രവൃത്തി വേഗത്തിലാക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ രണ്ടാമത്തെ നടപ്പാലം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതോടെ വടക്കുഭാഗത്തെത്തുന്ന യാത്രക്കാര്‍ക്ക് മറുഭാഗത്തെത്താന്‍ പാളം മുറിച്ചുകടക്കേണ്ടിവരില്ല. റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്ത് നിലവില്‍ നടപ്പാലമുണ്ട്. ഇവിടെ നടപ്പാലം വരുന്നതിന് മുമ്പ് നിരവധി അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീരദേശ വാസികൾക്കും വിദ്യാർഥികൾക്കും മേൽപാലം ആശ്വാസമാണ്.

Tags:    
News Summary - Railway station footbridge construction in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.