മേൽപാലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം തീർക്കാൻ എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ
നാട്ടുകാരുമായി ചർച്ച നടത്തുന്നു
കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറായൂസുഫ് ഇടപെട്ട് നിർത്തിയിരുന്ന എൻ.എച്ച് 66 പെർവാഡിൽ നിർമിക്കുന്ന മേൽപാലം പ്രവൃത്തി നിർദിഷ്ട സ്ഥലത്തുതന്നെ എത്രയുംപെട്ടെന്ന് പുനരാരംഭിക്കുമെന്നും അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന പ്രശ്നമില്ലെന്നും എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം നാട്ടുകാർക്ക് ഉറപ്പുനൽകി.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ഒരു സ്വകാര്യവ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി പണി നിർത്തിവെക്കാൻ കരാറുകാരായ യു.എൽ.സി.സിക്ക് നേരത്തേ കത്ത് നൽകിയതിനെ തുടർന്നാണ് പ്രവൃത്തി സ്തംഭനാവസ്ഥയിലായത്. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് എ.കെ.എം. അഷ്റഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസുഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥലത്തെ നാല് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, യു.എൽ.സി.സി പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി സംസാരിച്ച് പ്രശ്നപരിഹാരം കണ്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് നിർദിഷ്ട സ്ഥലത്തുതന്നെ പ്രവൃത്തി പുനരാരംഭിക്കുമെന്ന് ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പുനൽകുകയും യു.എൽ.സി.സി പ്രതിനിധികളോട് അതിനനുസരിച്ച് വേണ്ട നിർദേശം നൽകുകയും ചെയ്തു.ലനാട്ടുകാരെ പ്രതിനിധാനംചെയ്ത് പെറുവാഡ് അടിപ്പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എൻ.പി. ഇബ്രാഹിം, മൈദാൻ ഹനീഫ്, അഷറഫ് പെറുവാഡ്, നിസാർ പെറുവാഡ്, സഹദേവൻ, അലി പെറുവാഡ്, അബ്ദുല്ല, സിദ്ദീഖ് പെറുവാഡ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.