ചീമേനി ആണവനിലയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി
ചെറുവത്തൂർ: താൽക്കാലികമായ ലോഡ് ഷെഡിങ് സാഹചര്യം മുതലെടുത്ത് ആണവനിലയ പദ്ധതി പുരുജ്ജീവിപ്പിക്കാനുള്ള സർക്കാർനീക്കം ജനങ്ങൾ തടയുമെന്ന് ചീമേനി ആണവനിലയവിരുദ്ധ സമിതി. ആണവനിലയം ആലോചന തുടങ്ങിയെന്ന വൈദ്യുതിമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പദ്ധതിക്കള നീക്കമുണ്ടായപ്പോൾതന്നെ ചീമേനിയിലെ ജനങ്ങൾ എതിർപ്പുയർത്തി പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. അതിന്റെ ഫലമായി സർക്കാർ പിൻവാങ്ങി. പദ്ധതി പുനരവതരിപ്പിക്കുന്നതിനുള്ള നീക്കം യു.ഡി.എഫ് നേതൃത്വം ഇടപെട്ട് തടയണം. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരെ ഉടൻ കാണുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സന്ദീപ് വാര്യർ എം.എൽ.എ എന്നിവർ ഇക്കാര്യത്തിൽ ചീമേനിയിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും സമിതി അഭ്യർഥിച്ചു.
കൂടംകുളം ആണവനിലയത്തിലെ 8,58,000 ഫയലുകൾ ചോർത്തപ്പെട്ടത് ആണവസുരക്ഷ സംബന്ധിച്ച അവകാശവാദങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണെന്നും സമിതി വിലയിരുത്തി. പുതിയ സാഹചര്യം വിലയിരുത്താനും ആണവനിലയത്തിനെതിരായ പ്രതിഷേധ പരിപാടി ശക്തിപ്പെടുത്താനും സമിതിയുടെ വിപുലയോഗം തീരുമാനിച്ചു. ആണവനിലയ വിരുദ്ധസമിതി യോഗത്തിൽ സുഭാഷ്ചീമേനി അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, കരിമ്പിൽ കൃഷ്ണൻ, വി.കെ. വിനയൻ, എൻ.കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ: ചീമേനി ആണവനിലയം യു.ഡി.എഫ് സർക്കാറിന്റെ സാമ്പത്തിക ധവളപത്രത്തിലും നിർദേശിക്കപ്പെട്ടിരുന്നെന്നും അത് അതിദ്രുതം മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ് വൈദ്യുതിമന്ത്രിയുടെ പ്രഖ്യാപനമെന്നും ചീമേനി ആണവനിലയ വിരുദ്ധ ജനജാഗ്രത സമിതി യോഗം വിലയിരുത്തി. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്ന് യോഗം അഭ്യർഥിച്ചു.
മുഖ്യമന്ത്രി വൈദ്യുതിമന്ത്രി, എം.പിമാർ, എം.എൽ.എമാർ എന്നിവരെക്കണ്ട് നിവേദനം നൽകാനും തീരുമാനിച്ചു. ആഗസ്റ്റ് 15ന് ചീമേനിയിൽ വിപുലമായ സമര പ്രഖ്യാപന കൺവെൻഷൻ ചേരും. ചീമേനിയിലെ പ്ലാന്റേഷൻ കോർപറേഷന്റെ ആയിരക്കണക്കിനേക്കർ ഭൂമിയിൽ കണ്ണുവെച്ചാണ് ജനവിരുദ്ധ പരിസ്ഥിതിവിരുദ്ധ പദ്ധതികൾ അടിച്ചേൽപിക്കാൻ സർക്കാറുകൾ ശ്രമിക്കുന്നതെന്ന് യോഗം ആരോപിച്ചു. എ. ജയരാമൻ അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, സുഭാഷ്ചീമേനി, വി.കെ. വിനയൻ, കെ.പി. വിനോദ്, അത്തായി ബാലൻ, എൻ.കെ. മനോജ്, സന്ദീപ്, ജേക്കബ് മേലേടത്ത്, വി.വി. ശ്രീധരൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.