കാസർകോട്: നിർമാണം പൂർത്തീകരിച്ച റോഡ്-പാലം-കെട്ടിടങ്ങളുടെ തൽസ്ഥിതി പരിശോധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് വിമുഖത. ഇതിനായി കരാറുകാരിൽനിന്ന് സെക്യൂരിറ്റി നിക്ഷേപം ഈടാക്കുന്നുവെന്നല്ലാതെ തുടർ പ്രവർത്തനങ്ങൾക്ക് മിക്ക ഉദ്യോഗസ്ഥരും തയാറാവുന്നില്ലെന്നാണ് പരാതി.
നിർമാണങ്ങളുടെ ഗാരന്റി വേളയും കഴിഞ്ഞ് കെട്ടിവെച്ച തുക ഭൂരിഭാഗം കരാറുകാർക്കും തിരികെ ലഭിക്കുന്നു. അപൂർവം ചിലർ തുക ലഭിക്കാൻ മനുഷ്യാവകാശ കമീഷനെ വരെ സമീപിക്കേണ്ടിവരുന്നു. റോഡ്, പാലം, കെട്ടിടങ്ങൾ എന്നിവയുടെ നിലവിലെ സ്ഥിതിസംബന്ധിച്ച് കരാറുകാരന്റെ ബാധ്യതാ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് നിർവഹണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവ്. പ്രവൃത്തി പൂർത്തിയാക്കി മാസങ്ങൾക്കകം റോഡുകളും കെട്ടിടങ്ങളും തകരുന്നത് ഉൾപ്പെടെയുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ നൽകിയ ശിപാർശയിൽ ഏപ്രിൽ 29നാണ് ഉത്തരവിറക്കിയത്.
റോഡിനും പാലത്തിനും നിശ്ചിത കാലയളവിൽ കേടുപാടുകൾ ഉണ്ടായാൽ കരാറുകാരൻ തന്നെ ബാധ്യത ഏറ്റെടുക്കണമെന്നാണ് ചട്ടം. ഈയിനത്തിൽ ടെൻഡർ തുകയിൽ അഞ്ച് ശതമാനം ഈടായി നിർവഹണ ഉദ്യോഗസ്ഥന്റെ പേരിൽ കരാറുകാരൻ കെട്ടിവെക്കണം.
കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി ഇത് മൂന്നു ശതമാനമാക്കി കുറച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിയിൽ ഉണ്ടാകുന്ന അപാകത കരാറുകാരൻ പരിഹരിച്ചില്ലെങ്കിൽ സെക്യൂരിറ്റി തുക പിൻവലിച്ച് നിർവഹണ ഉദ്യോഗസ്ഥൻ മറ്റൊരാളെക്കൊണ്ട് ജോലി ചെയ്യിക്കണം.
ഈതുക കൊണ്ട് തകരാർ പരിഹരിക്കാനായില്ലെങ്കിൽ ബാക്കി തുക കരാറുകാരനിൽനിന്ന് ഈടാക്കാനും കഴിയുന്ന വിധമാണ് വ്യവസ്ഥ.
എന്നാൽ, ഭൂരിഭാഗം പ്രവൃത്തികളിലും കാലാവധി കഴിഞ്ഞ് കരാറുകാരന് സെക്യൂരിറ്റി തുക തിരിച്ചുനൽകുന്നു.
നിർമാണം സംബന്ധിച്ച് പരാതികൾ ഉയർന്നാലും അത് കാര്യമായെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നാണ് പരാതി. റോഡ് നിർമാണം നടന്നയുടൻ നിരവധി പരാതികളാണ് ജില്ലയിലും ലഭിക്കുന്നത്. ജനപ്രതിനിധികൾ ഇടപെട്ട് ചിലത് കരാറുകാർ നേരെയാക്കും.
ഭൂരിഭാഗം പരാതികളിലും തീർപ്പൊന്നുമുണ്ടാകില്ല. കെട്ടിടം, പാലം, മേൽപാലം എന്നിവക്ക് അഞ്ച് വർഷവും പുതിയ റോഡ് നിർമാണത്തിന് മൂന്നു വർഷവുമാണ് ഗാരന്റിയായി നിശ്ചയിക്കുന്നത്. റോഡ് ഉപരിതലം പുതുക്കൽ രണ്ട് വർഷം, റോഡ്, കെട്ടിടങ്ങൾ തുടങ്ങിയവ പ്രത്യേക അറ്റകുറ്റപ്പണി ഒന്നര വർഷം എന്നിങ്ങനെയാണ് ബാധ്യത കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.