കേന്ദ്രസർവകലശാലയിൽ വിദ്യാർഥികൾ കുത്തിയിരിപ്പുസമരത്തിൽ
പെരിയ(കാസർകോട്): അധ്യാപക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവാഴ്സിറ്റിയിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം. കേന്ദ്രവാഴ്സിറ്റിയിൽ ചെലവുചുരുക്കുന്നതിന് അധ്യാപകരുടെ എണ്ണം കുത്തനെ കുറക്കാനുള്ള പുതിയ വൈസ് ചാൻസലറുടെ നടപടിക്കെതിരെയാണ് 70ലധികം വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ. സിദ്ദു പി. അൽഗൂറിന്റെ കാബിനുപുറത്ത് സത്യാഗ്രഹമിരുന്നത്.
ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിട്ടിക്സിലെ വിദ്യാർഥികളാണ് പ്രത്യക്ഷസമരത്തിന് തുടക്കമിട്ടത്. ഈ വകുപ്പിലാണ് വലിയ വെട്ട് നടത്തിയത്. ഓരോ വകുപ്പിലും ഏഴ് ഫാക്കൽറ്റികളെയാണ് യു.ജി.സി നിശ്ചയിച്ചത് എന്നിരിക്കെ വൈസ് ചാൻസലർ അത് മൂന്നാക്കി ചുരുക്കിയിരിക്കുകയാണ്. ഇപ്പോൾ വിദ്യാർഥികൾക്ക് പേപ്പർ തീർക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. മുഴുവൻ ഗസ്റ്റ് അധ്യാപകരെയും പിരിച്ചുവിട്ട പുതിയ വി.സി പഠിപ്പിക്കാൻ ഇത്രയും അധ്യാപകർ മതി എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഡീനുകളും വകുപ്പുമേധാവികളും അധ്യാപകരുടെ എണ്ണം കുറക്കുന്നതിനെതിരെ വി.സിയെ സമീപിച്ചിരുന്നു.
എന്നാൽ അത് ചെവിക്കൊള്ളാൻ വി.സി തയാറായില്ല. പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാതെ വന്നതോടെ വിദ്യാർഥികൾ തന്നെ നേരിട്ട് ഇറങ്ങുകയായിരുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിട്ടിക്സിലെ ഒന്നാം വർഷം, രണ്ടാം വർഷം, റിസർച്ച് സ്കോളർമാർ ഉൾപ്പെടെ എഴുപതിലധികം വിദ്യാർഥികൾ വിസിയുടെ മുന്നിലേക്ക് ഇരച്ച് എത്തുകയായിരുന്നു. ഇതോടെ നാലുപേരെ മാത്രം അകത്ത് കടത്തി. എന്ത് അധികാരത്തിലാണ്? ആരോട് ചോദിച്ചിട്ടാണ് സമരം ചെയ്യുന്നത് എന്ന് വി.സി കയർത്തു. എല്ലാവരെയും സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിമുഴക്കി. താങ്കൾക്കെതിരെ സമരം ചെയ്യാൻ താങ്കളുടെ സമ്മതം വേണോ എന്ന് വിദ്യാർഥികൾ തിരിച്ചടിച്ചതോടെ വി.സിയുടെ ഉത്തരം മുട്ടി. 16 സെക്യൂരിറ്റിക്കാരെ വിദ്യാർഥികൾക്ക് ചുറ്റും നിർത്തി. അധ്യാപകരെ നിയമിക്കാതെ സമരത്തിൽനിന്ന് പിൻമാറില്ല എന്ന് വിദ്യാർഥികൾ പറഞ്ഞു. തുടർന്നാണ് കുത്തിയിരുന്ന് ഉപവാസം നടത്തിയത്.
8000 രൂപയാണ് ഒരു സെമസ്റ്ററിന്റെ ഫീസ്. പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് എത്തുന്നവരാണ് തങ്ങൾ. കേന്ദ്ര സർവകലാശാലയായതുകൊണ്ടുമാത്രമാണ് കഷ്ടപ്പെട്ട് പഠിക്കാനെത്തുന്നത്. എന്നാൽ അധ്യാപകരെ നിയമിക്കാതെ ഫീസ് വാങ്ങുക മാത്രമാണ് ചെയ്യുന്നത്. ഫീസ് അടക്കാൻ വൈകിയാൽ 500 രൂപയാണ് പിഴയീടാക്കുന്നത്. ഒരുവർഷത്തേക്ക് 1500 രൂപയാണ് വൈഫൈക്കായി നൽകുന്നത്. എന്നാൽ ഇതുവരെ വൈഫൈ കിട്ടിതുടങ്ങിയിട്ടില്ല.-വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.