ലാബിൽ ഉപകരണങ്ങളില്ല; വിദ്യാർഥികൾക്ക് പരീക്ഷണം
തൃക്കരിപ്പൂർ: വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് വിദ്യാർഥികളുടെ ഫിസിക്സ് പ്രാക്ടിക്കൽ പഠനം പ്രതിസന്ധിയിൽ. സ്കൂളിലെ ഫിസിക്സ് ലാബിൽ പ്രാക്ടിക്കൽ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലെന്നാണ് കുട്ടികളുടെ പരാതി.
അമ്പതിലധികം വിദ്യാർഥികളുള്ള സയൻസ് ബാച്ചിലെ പ്രാക്ടിക്കൽ ക്ലാസുകൾക്കായി ഓരോ പ്രാക്ടിക്കൽ പീരിയഡിനും മുമ്പായി വി.എച്ച്.എസ് വിഭാഗത്തിൽനിന്ന് ഓരോ എക്സ്പെരിമെന്റിനും ആവശ്യമായ ഓരോ ഉപകരണം കടം വാങ്ങിയാണ് ഉപയോഗിക്കുന്നത്. ഒരേയൊരു ഉപകരണം ഉപയോഗിച്ച് അമ്പതിലധികം വിദ്യാർഥികൾക്ക് പരീക്ഷണം കാണിച്ചുകൊടുക്കുന്ന സാങ്കേതികവിദ്യയാണ് ലാബിൽ അനുവർത്തിക്കുന്നത്.
വിദ്യാർഥികൾ സ്വയം പരീക്ഷണം നടത്തി പ്രായോഗികപരിചയം നേടേണ്ട ഫിസിക്സ് പ്രാക്ടിക്കൽ പഠനം ഇത്തരത്തിൽ ഒരു ഉപകരണം മാത്രം ഉപയോഗിച്ച് നടത്തേണ്ടിവരുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പ്രായോഗിക പരീക്ഷ തയാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കൾക്ക്.പ്രാക്ടിക്കൽ പഠനത്തിൽ വിദ്യാർഥികൾക്ക് ഉപകരണം നേരിട്ട് കൈകാര്യം ചെയ്യാനും പരീക്ഷണം സ്വയം നടത്താനും അവസരം ലഭിക്കേണ്ടതാണ്.
ഇതിനായി ഫീസ് ഉൾപ്പെടെ ഈടാക്കിയിട്ടുമുണ്ട്. ഒരുപകരണം ഉപയോഗിച്ച് അധ്യാപകൻ പരീക്ഷണം നടത്തുകയോ കാണിച്ചുകൊടുക്കുകയോ ചെയ്യുന്നതിൽ മാത്രം ക്ലാസ് പരിമിതപ്പെടുന്നുവെന്നാണ് പരാതി. വിദ്യാർഥികളിൽ ഈടാക്കിയ സ്പെഷൽ ഫീസ് സ്കൂളിന്റെ പി.ഡി അക്കൗണ്ടിൽ ഉണ്ടായിരിക്കെയാണ് കടംകൊണ്ട ഉപകരണത്തിൽ 50 കുട്ടികൾ പരീക്ഷണം നോക്കിനിൽക്കുന്നത്.
നിയമാനുസൃതമായി വിനിയോഗിക്കാവുന്ന തുക ഉപയോഗിച്ച് ഫിസിക്സ് ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ബന്ധപ്പെട്ടവർ മുൻകൈയെടുക്കുന്നില്ല. ഫിസിക്സ് പ്രാക്ടിക്കൽ പഠനത്തിനാവശ്യമായ മുഴുവൻ ഉപകരണങ്ങളും അടിയന്തരമായി വാങ്ങി ലാബ് സജ്ജമാക്കണമെന്നും ഓരോ വിദ്യാർഥിക്കും നേരിട്ട് പരീക്ഷണം നടത്താനുള്ള അവസരം ഉറപ്പാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
2013 മുതൽ സ്കൂളിൽ ഒരു ലാബാണുള്ളതെന്ന് സ്കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വി.എച്ച്.എസ്-ഹയർ സെക്കൻഡറി ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങൾ പ്രായോഗിക വിഷയമുള്ളപ്പോൾ മാറിമാറി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും വിശദീകരണമുണ്ട്. അതേസമയം, അധിക ബാച്ച് കൂടി വന്നതോടെ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന മറച്ചുപിടിച്ചാണ് ഈ വിശദീകരണം.
സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ വർക്ക് ക്ലാസുകൾ മുടങ്ങിയത് സംബന്ധിച്ച് ബന്ധപ്പെട്ടവർ മൗനത്തിലാണ്. സോഷ്യൽ വർക്ക് ക്ലാസെടുക്കാൻ അധ്യാപകരെ അഭിമുഖം നടത്തി തിരഞ്ഞെടുത്തിരുന്നു. അവരോട് ഇനിയൊരറിയിപ്പുവരെ വരേണ്ടെന്ന് അറിയിച്ചതായാണ് വിവരം. സ്കൂളിലെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നിസംഗ നിലപാടുകൾ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.