സന്ദീപ് വാര്യർക്കെതിരായ ആരോപണങ്ങളിൽ അതിശയമില്ല, അദ്ദേഹം സി.പി.എമ്മിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല -മന്ത്രി കെ.എം. ഷാജി
കാസർകോട്: സന്ദീപ് വാര്യരുടെ വിജയം സൃഷ്ടിച്ച രാഷ്ട്രീയ ആഘാതത്തിൽ നിന്ന് സി.പി.എം ഇനിയും മോചിതരായിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി. ഈ രാഷ്ട്രീയ തിരിച്ചടിയുടെ ഫലമാണ് അദ്ദേഹത്തിനെതിരെ സി.പി.എം ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങളും വിമർശനങ്ങളുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.
മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞ ഡി.വൈ.എഫ്.ഐക്കാർക്ക് നേരെ ഗുണ്ടകളെ പോലെയാണ് സന്ദീപ് വാര്യർ പ്രതികരിച്ചതെന്ന സി.പി.എം ആരോപണത്തിൽ അതിശയമില്ലെന്നും കെ.എം. ഷാജി പറഞ്ഞു. ‘അവരുടെ ആരോപണം സ്വാഭാവികമാണ്. കാരണം തൃക്കരിപ്പൂർ സീറ്റ് പോയതിന്റെ ക്ഷീണത്തിൽനിന്നും ഞെട്ടലിൽ നിന്നും മോചിതമാകത്തിടത്തോളം കാലം അവർ പറഞ്ഞുകൊണ്ടിരിക്കും. അതിൽ അത്ര വലിയ അതിശയമൊന്നുമില്ല. അത് അവർ പറയട്ടെ. സന്ദീപ് വാര്യർ അവർക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. എത്ര വലിയ രാഷ്ട്രീയ കൊടുങ്കാറ്റുകളിലും സി.പി.എമ്മിനൊപ്പം നിന്ന മണ്ഡലമാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ അദ്ദേഹം പിടിച്ചെടുത്തത്. യു.ഡി.എഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണത്. സി.പി.എമ്മിന് അതിന്റെതായ ഒരു ക്ഷീണം ഉണ്ടാകും. അത് പറഞ്ഞു തീർക്കട്ടെ, അതല്ലാതെ വേറെ കാര്യമൊന്നുമില്ല. പയ്യന്നൂരിലെ ജനപ്രതിനിധികൾക്കും എം.എൽ.എമാർക്കുമെതിരെ ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങളും വിമർശനങ്ങളും ഈ രാഷ്ട്രീയ തിരിച്ചടിയുടെ ഫലമാണ്’ -മന്ത്രി പറഞ്ഞു.
സമരങ്ങളിൽ ഏർപ്പെടുന്ന ബി.ജെ.പി, സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടികളിൽ ഇരട്ടനീതിയുണ്ടെന്ന ആരോപണം മന്ത്രി പൂർണ്ണമായി തള്ളി. ബി.ജെ.പി, സി.പി.എം, കോൺഗ്രസ്, ലീഗ് എന്നിങ്ങനെ വ്യത്യാസമില്ലാതെ സമരക്കാരെ സമരക്കാരായി മാത്രമാണ് സർക്കാർ കാണുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആർക്കും പ്രത്യേകിച്ച് ഒരു മൃദുസമീപനവും ഉണ്ടാകില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് ഇരട്ടനീതി ഉണ്ടാകില്ലെന്ന് 100 ശതമാനം ഉറപ്പാണ്.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടാൻ സർക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാലങ്ങളായി പുനഃസംഘടിപ്പിക്കാതെ കിടക്കുന്ന എൻഡോസൾഫാൻ സെൽ അടിയന്തരമായി പുനഃസംഘടിപ്പിക്കും. മുളിയാർ പഞ്ചായത്തിൽ പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഫണ്ടിനായി മാത്രം കാത്തുനിൽക്കാതെ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, എം.എൽ.എമാർ എന്നിവരുടെ പിന്തുണയോടെ ബദൽ പുനരധിവാസ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ് -മന്ത്രി കെ.എം. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.