നീലേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രി സമയത്തെ രോഗികളുടെ തിരക്ക്
നീലേശ്വരം: ദിവസവും 500ൽപരം ആളുകൾ ചികിത്സക്കായി എത്തുന്ന നീലേശ്വരം താലൂക്ക് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. രാവിലെ മുതൽ വൈകിട്ടുവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുമെങ്കിലും വൈകിട്ട് ആറുകഴിഞ്ഞാൽ ഒരു ഡോക്ടരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളു. വൈകിട്ട് 200ലധികം രോഗികൾ ചികിൽസക്കായി ദിവസവും എത്താറുണ്ട്. എന്നാൽ ഇത്രയും രോഗികളെ ചികിത്സിക്കാൻ ഒരു ഡോക്ടർ മാത്രമേയുള്ളു. അതിനിടയിൽ അത്യാസന്ന നിലയിൽ ഒരു രോഗി വന്നാലും അഡ്മിറ്റായ രോഗിക്ക് അസുഖം പെട്ടെന്ന് മൂർഛിച്ചാലും ഈ ഡോക്ടർ തന്നെ പരിശോധന നടത്തണം.
നീലേശ്വരം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിക്ക് മതിയായ കെട്ടിടമുണ്ടെങ്കിലും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടേയും അഭാവം മൂലം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. കണ്ണ്, എല്ല്, ഗൈനോളജിസ്റ്റ്, ഇ.എൻ.ടി, ത്വക്ക്, തുടങ്ങി മിക്ക വിഭാഗങ്ങൾക്കും സ്ഥിരമായി ഡോക്ടർമാരില്ല. കുട്ടികളുടെ വിഭാഗവും ജനറൽ മെഡിസൻ വിഭാഗവും ഉള്ളത് അൽപം ആശ്വാസമാണ്. വർഷങ്ങളായി ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ല. എല്ലുവിഭാഗം ഡോക്ടർ ആഴ്ചയിൽ രണ്ടുദിവസം മാത്രം. അഞ്ച് അസി. സർജൻമാർ വേണ്ടിടത്ത് മൂന്നുപേർ മാത്രമേയുള്ളു. കാഷ്വാലിറ്റിയിൽ രണ്ടുപേർ മാത്രം. ഇവിടെ അഞ്ച് ഒഴിവുകളുണ്ട്.
നിലവിലുള്ള കെട്ടിടത്തിനുപുറമെ പുതിയകെട്ടിടം നിർമിക്കുമെന്ന തീരുമാനം ഫയലിൽ മാത്രം ഒതുങ്ങി. നീലേശ്വരം നഗരസഭ, മലയോരത്തെ മൂന്നോളം പഞ്ചായത്തുകളിലെ സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.