ഷിറിയയിൽ ദേശീയപാതയുടെ ഭാഗമായ നിർമാണപ്രവൃത്തി കാരണം സർവിസ് റോഡുകളിലെ ഗതാഗതക്കുരുക്ക്
കാസർകോട്: ദേശീയപാത വികസനം യാഥാർഥ്യമാകുമ്പോഴും മഴപെയ്തതോടെ പാതകടന്നുപോകുന്ന വഴിയരികിൽ ജനജീവിതം കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്നു. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന മേഖലകളിൽ പണി പൂർത്തിയാക്കാത്തതും കാലവർഷം മുന്നിൽ കണ്ട് മുൻകരുതലെടുകാത്തതും കാരണം അഴിയാക്കുരുക്കിൽ ജനം വലയുകയാണ്. ഓടയിൽ വെള്ളം നിറയുന്നതും റോഡിലും സർവിസ് റോഡിലും വെള്ളക്കെട്ട് ഉയരുന്നതും ദുരിതത്തോടൊപ്പം അപകടങ്ങൾക്കും ഇടയാക്കുന്നു. കൂടാതെ, ഗതാഗതക്കുരുക്കും പതിവാകുന്നു. കഴിഞ്ഞദിവസം മഴ വന്നപ്പോൾതന്നെ ദേശീയപാതയുടെ പണി നടക്കുന്ന ഷിറിയയിൽ സർവിസ് റോഡിൽ ഗതാഗതതടസ്സമുണ്ടായി. രണ്ടര മണിക്കൂറാണ് ഗതാഗതം തടസ്സപ്പെട്ടത്. സ്കൂൾ തുറക്കുന്നതോടുകൂടി ജനത്തിന്റെ കഷ്ടപ്പാട് ഇരട്ടിക്കും. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളുടെ കെടുകാര്യസ്ഥതയിൽ ദോഷം അനുഭവിക്കുന്നത് പൊതുജനമാണ്.
നീലേശ്വരം: ദേശീയപാത വികസനത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നീലേശ്വരം പള്ളിക്കര നിവാസികൾ. ഇതിൽ റോഡരികിലുള്ള വീട്ടുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വീടിന്റെ അരികുവരെ യന്ത്രമുപയോഗിച്ച് മാന്തുന്നതിനാൽ മിക്ക വീട്ടുകാർക്കും പുറത്തിറങ്ങാൻപറ്റാത്ത സ്ഥിതിയാണ്. വീടുകളുടെ സംരക്ഷണത്തിനായി നിർമിച്ച ചുറ്റുമതിലുകൾ തകർന്നുവീണ നിലയിലാണ്.ദേശീയപാത സർവിസ് റോഡിന് അരികിലായി ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി പത്തടിയോളം താഴ്ചയിൽ കുഴിയെടുത്തതാണ് മതിലുകൾ ഇടിഞ്ഞുവീഴാൻ കാരണം. മതിൽ തകർന്നുവീണതോടെ വീടുകളും അപകടഭീഷണി നേരിടുന്നു. അശാസ്ത്രീയമായ ഓവുചാൽ നിർമാണംമൂലം മതിൽ തകർന്ന് വീടിന് അപകടഭീഷണിയായതോടെ ഒരു കുടുംബം വീടൊഴിഞ്ഞുപോയിരിക്കുകയാണ്. പള്ളിക്കരയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ തമ്പായിയുടെ കുടുംബം വീടൊഴിഞ്ഞ് ബന്ധുവീട്ടിൽ അഭയംപ്രാപിച്ചിരിക്കുകയാണ്. ഏത് നിമിഷവും ഇവരുടെ വീട് നിലംപൊത്തുന്ന സ്ഥിതിയിലാണ്. ഓവുചാൽ നിർമാണം ഇപ്പോൾ മന്ദഗതിയിലാവുകയും ചെയ്തതോടെ പള്ളിക്കര നിവാസികൾക്ക് ദുരിതമാണ് നൽകുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി അപകടഭീഷണി നേരിടുന്ന പള്ളിക്കരയിലെ തമ്പായിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.