ഭാരതീയ ഭാഷാ പുസ്തക പദ്ധതിയുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാരും അക്കാദമിക് വിദഗ്ധരും

ഉന്നത വിദ്യാഭ്യാസ പാഠപുസ്തകങ്ങള്‍ മലയാളത്തിലും -വി.സിമാരുടെ യോഗം

പെരിയ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭാരതീയ ഭാഷ പുസ്തക പദ്ധതി നടപ്പാക്കുന്നതിന്‌ വൈസ് ചാന്‍സലര്‍മാരുടെയും അക്കാദമിക് വിദഗ്ധരുടെയും യോഗം സംഘടിപ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാല.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുറിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനതല ആസൂത്രണ യോഗത്തില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരായ പ്രൊഫ. പി. രവീന്ദ്രന്‍ (കാലിക്കറ്റ്), പ്രൊഫ. കെ.കെ. സാജു (കണ്ണൂര്‍), പ്രൊഫ. ഡി. മാവൂത്ത് (എംജി), പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ (കേരള), പ്രൊഫ. എ. ബിജു കുമാര്‍ (കുഫോസ്), കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ ക്യാംപസ് ഡയറക്ടര്‍ പ്രൊഫ. കെ.കെ. ഷൈന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. കെ. ശിവപ്രസാദ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. വി.പി.എന്‍. നമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയുമായി ചേര്‍ന്ന് വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ മലയാള ഭാഷയില്‍ തയാറാക്കുകയാണ് ലക്ഷ്യം.

പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിവര്‍ത്തനമാണ് ദേശീയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നതെന്ന് പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു. മലയാളത്തില്‍ കുറഞ്ഞത് നൂറ് പുസ്തകമെങ്കിലും യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഭാരതീയ ഭാഷ സമിതി അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ഡോ. കെ. ഗിരിധര റാവു പദ്ധതി വിശദീകരിച്ചു. നാഷനല്‍ മോണിറ്ററിങ് കമ്മറ്റി ഫോര്‍ എജുക്കേഷന്‍ അംഗം എ. വിനോദ് ആമുഖ ഭാഷണം നടത്തി.

പ്രൊഫ. പി. ശ്രീകുമാര്‍ സ്വാഗതവും ഡോ. ബിന്ദു ടി.വി. നന്ദിയും പറഞ്ഞു. മലയാളം ഭാഷയില്‍ ഉന്നത വിദ്യാഭ്യാസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖകളും പ്രവര്‍ത്തന രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എം.സി. മിനിമോള്‍, ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, വിവിധ സര്‍വകലാശാലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - Higher education textbooks in Malayalam too - VCs' meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.