കുമ്പളപ്പള്ളി പാലത്തിനു സമീപം കെ.എസ്.ഇ.ബി പൊതുജനങ്ങൾക്ക് മുന്നറിയിപ്പായി സ്ഥാപിച്ച ബോർഡ്
നീലേശ്വരം: കുമ്പളപ്പള്ളി പാലത്തിന് സമീപം അപകടഭീഷണിയായി മാറിയ ഹൈടെൻഷൻ വൈദ്യുതി ലൈനിന് സമീപം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
‘മാധ്യമം’ ജനുവരി 29ന് കൈയെത്തും ദൂരത്ത് അപകടക്കെണിയായി എച്ച്.ടി വൈദ്യുതിക്കമ്പികൾ എന്ന വാർത്ത കൊടുത്തിരുന്നു. ഇതിന് പിന്നാലെ കെ.എസ്.ഇ.ബി ചോയ്യങ്കോട് സെക്ഷൻ ഓഫിസ് അധികൃതരാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
നിർമാണം അവസാനഘട്ടമെത്തിനിൽക്കുന്ന കുമ്പളപ്പള്ളി പാലത്തിനോടു ചേർന്നാണ് കഷ്ടിച്ച് ഒരു മീറ്റർ പോലും അകലമില്ലാതെ അപകടാവസ്ഥയിൽ എച്ച്.ടി ലൈനുള്ളത്.
കുമ്പളപ്പള്ളിയിലെ രണ്ട് വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും പാലത്തിലൂടെയാണ് യാത്രചെയ്യുന്നത്. വെള്ളിയാഴ്ചയാണ് പാലത്തിന് സമീപം അസി. എൻജിനീയറുടെ പേരിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. പാലം നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനിന് കീഴിലായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണിട്ടുയർത്തിയതായി കാണുന്നുവെന്നും പ്രസ്തുത ലൈനിന് കീഴിൽ പോകുന്നത് അപകടകാരണമായേക്കാമെന്നും അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് ചോയ്യങ്കോട് അസി. എൻജിനീയർ സ്ഥാപിച്ച ബോർഡിൽ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, സുരക്ഷാസംവിധാനം ഒരുക്കാതെ വെറുമൊരു ബോർഡ് മാത്രം വെച്ചതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.