ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പുമായി വീടിന് മുന്നിൽ കെട്ടിയ ഫ്ലക്സ് ബാനർ
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബം ജപ്തി ഭീഷണിയിൽ. ബാളിയൂർ മീഞ്ച സ്വദേശി പ്രസാദ്-ബീന ദമ്പതികളുടെ വീട്ടിലാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പ് ഫ്ലക്സ് ബാനർ കെട്ടിയിട്ടുള്ളത്. കേരള ഗ്രാമീൺ ബാങ്കിന്റെ മിയാപ്പദവ് ശാഖയിൽനിന്ന് ഇവർ രണ്ടര ലക്ഷം രൂപ ലോണെടുത്തെന്ന് പറയുന്നു. എന്നാൽ, ഇപ്പോൾ പലിശസഹിതം അഞ്ചുലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് അറിയിപ്പെന്ന് എൻഡോസൾഫാൻ ദുരിതബാധിത കുടുംബത്തിലെ ഗൃഹനാഥ ബീന പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിത തീർഥയുടെ കുടുംബത്തിനാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്.
ബാങ്കിൽനിന്ന് അറിയിപ്പ് ലഭിച്ചയുടൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ജനപ്രതിനിധികൾക്കുമടക്കം പരാതി നൽകിയെന്നും പരാതി പരഹരിക്കാമെന്ന് പറഞ്ഞതായും ബീന പറഞ്ഞു.
ഫെബ്രുവരി പത്തിനുള്ളിൽ ഈ തുക അടക്കണമെന്നാണ് ബാങ്കിന്റെ കർശന നിർദേശമെന്നും ദുരിതബാധിതയായ മകളെയുംകൊണ്ട് എവിടേക്കാണ് പോകേണ്ടതെന്നും ബീന കണ്ണീരോടെ ചോദിച്ചു. നിർമാണം പൂർത്തിയാകാത്ത വീടാണ് ഇപ്പോൾ ജപ്തി ഭീഷണിയിലുള്ളത്.
കാസർകോട്: ജപ്തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസമായി എം.എൽ.എ. എൻഡോസൾഫാൻ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂർ സ്വദേശിനി തീർഥയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്താണ് എ.കെ.എം. അഷ്റഫ് എം.എൽ.എ ഉടൻ സംഭവത്തിൽ ഇടപെട്ടത്.
എ.കെ.എം. അഷ്റഫ് എം.എൽ.എ ജപ്തി ഭീഷണിയിലുള്ള തീർഥയുടെ വീട് സന്ദർശിച്ചപ്പോൾ
എം.എൽ.എ തീർഥയുടെ വീട് സന്ദർശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂർണമായും താൻ ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വീട്ടിലെത്തിയ എം.എൽ.എ ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ആവശ്യപ്പെടുകയായിരുന്നു. ഇളവു നൽകാമെന്നും ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ബാക്കിയാവുന്ന ബാധ്യത എത്രതന്നെയാണെങ്കിലും അത് മുഴുവൻ താൻ അടച്ചുതീർക്കുമെന്നും കിടപ്പാടം നഷ്ടമാകില്ലെന്നും എം.എൽ.എ കുടുംബത്തെ അറിയിച്ചു.
ഈയടുത്താണ് വീട് പ്ലാസ്റ്ററിങ് നാടത്തിയത്. കഴിഞ്ഞ ദിവസമാണ് മീഞ്ച പഞ്ചായത്തിലെ ബാളിയൂറിലെ തീർഥയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ലേലത്തിൽ വെച്ചിട്ടുള്ളതായി അറിയിച്ച് കേരള ഗ്രാമീൺ ബാങ്ക് വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. എം.എൽ.എയുടെ നടപടി സ്വാഗതാർഹമാണെന്നും നന്ദിയോടെ സ്മരിക്കുമെന്നും കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.