ഡയാലിസിസ് കേന്ദ്രത്തിന്റെ മുറ്റത്ത് നിർമിച്ച ടാങ്കിലെ
മലിനജലം
കാസർകോട്: വിദ്യാനഗർ ബാരിക്കാടിൽ ‘അഭയം’ ഡയാലിസിസ് കേന്ദ്രം കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ഒന്നരവർഷം മുമ്പ് ബാരിക്കാടിൽ പ്രവർത്തനമാരംഭിച്ച ‘അഭയം’ സൗജന്യ ഡയാലിസിസ് കേന്ദ്രമാണ് പ്രദേശവാസികൾക്ക് ദുരിതം സമ്മാനിക്കുന്നത്.
ഡയാലിസിസ് കേന്ദ്രത്തിൽനിന്നുള്ള മലിനജലം സമീപത്തെ കിണറുകളിലടക്കം കലർന്ന് ഉപയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിന്റെ നിർമാണപ്രവൃത്തിക്കായി തൊട്ടടുത്ത ബദ്ർ ജുമാമസ്ജിദിൽനിന്നും സമീപത്തെ വീട്ടിൽനിന്നും വെള്ളം നൽകി സഹായിച്ച, ചെങ്കള പഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ.
ഇരുന്നൂറോളം വീട്ടുകാരാണ് മലിനജലത്തിന്റെ ദുരിതം നേരിട്ടനുഭവിക്കുന്നത്. സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലം സമീപത്തെ കിണറുകളിലും ജലസ്രോതസ്സുകളിലും ഒലിച്ചിറങ്ങുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴിവർക്ക് കുടിവെള്ളത്തിന് ‘അഭയം’ തേടേണ്ടത് ചെങ്കള പഞ്ചായത്തിനെയാണ്.
അഭയ കേന്ദ്രത്തിനെതിരെ തെളിവുകൾ ശേഖരിച്ചുമാത്രമേ പരാതിയുമായി മുന്നോട്ടുപോയിട്ടുള്ളൂവെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു. കാരണം, നിരവധി പാവപ്പെട്ടവർക്ക് അഭയമാകുന്ന കേന്ദ്രത്തിനെതിരെ തിരിയാൻ അവർക്ക് മനസ്സുണ്ടായിരുന്നില്ല. 40 ദിവസം കഴിയുന്നവേളയിലും ഡയാലിസിസ് പ്രവർത്തനം തടയാൻ സമരസമിതി മുതിർന്നിട്ടില്ലെന്നും ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നെങ്കിലും പിന്നിൽ ചില നിക്ഷിപ്ത താൽപര്യക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് സംഘം പതിനഞ്ചോളം കിണറുകളിൽനിന്ന് ജലം ശേഖരിച്ച് കോഴിക്കോടുള്ള ഓഫിസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിവാദ ഡയാലിസിസ് കേന്ദ്രത്തിന്റെ സമീപത്തുതന്നെ മദ്റസയും പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടാങ്കറിൽ മലിനജലം രാത്രിയിൽ കയറ്റിവിടാനുള്ള ശ്രമമുണ്ടായിരുന്നു. ഇത് നാട്ടുകാർ തടഞ്ഞിരുന്നു. മലിനജലം ഇവിടെനിന്ന് നീക്കം ചെയ്യുന്നുണ്ടെന്നും അത് എവിടെയാണ് ഒഴുക്കുന്നതെന്ന് ആർക്കുമറിയില്ലെന്നും അധികാരികളോട് പറഞ്ഞപ്പോൾ 'അത് നിങ്ങളെന്തിനറിയണം, ഇവിടെനിന്ന് മാറ്റിയാൽ പോരേ', എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നതെന്നും സമരസമിതി ഭാരവാഹികൾ ആരോപിക്കുന്നു.
ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രദേശവാസികൾ ആക്ഷേപിക്കുന്നു. പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്തതാണെന്ന് വ്യക്തമായത്. നിലവിൽ പഞ്ചായത്തുവഴിയാണ് വെള്ളം നൽകുന്നത്. അതിനിടെ, കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുകയും ചെയ്തതാണ്.
കൂടാതെ, ഗ്രാമസഭയിൽ ഇരുന്നൂറോളം പേർ പങ്കെടുത്ത് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. അതേസമയം, സ്റ്റോപ് മെമ്മോ നൽകിയെന്ന് പറഞ്ഞിരുന്നെങ്കിലും പരാതി കൊടുത്ത് നാൽപത് ദിവസങ്ങൾക്കിപ്പുറവും ഡയാലിസിസ് കേന്ദ്രം സുഗമമായി പ്രവർത്തിക്കുന്നുണ്ടിവിടെ. ഡയാലിസിസ് കേന്ദ്രത്തോടനുബന്ധിച്ച് രണ്ടു കുഴൽക്കിണർ കുഴിച്ചതായും ഇത് ദുരൂഹത വർധിപ്പിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. ‘അഭയം’ ഡയാലിസിസ് കേന്ദ്രത്തിനു മുന്നിൽ നാൽപതാം ദിവസത്തെ സമരം തുടരുകയാണ് പ്രദേശവാസികളായ ഇരുന്നൂറോളം വീട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.