കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് കെട്ടിടം
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റുന്നു
കാഞ്ഞങ്ങാട്: 43 വർഷം പഴക്കമുള്ള കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് മൂന്ന് നില കെട്ടിടം പൊളിച്ച് മാറ്റുന്നു. നഗരസഭയുടെ അധീനതയിലുള്ള പഴയ ബസ് സ്റ്റാൻഡ് കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. നഗരസഭ കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. ഭരണപക്ഷവും പ്രതിപക്ഷവും ഐകകേണ്ഠ്യനയാണ് തീരുമാനമെടുത്തത്. ഇതോടൊപ്പം നഗരത്തിൽ ബസ് സ്റ്റാൻഡ് ഇല്ലാതാകും. പകരം ഇവിടെ പാർക്കിങ് പ്ലാസ പണിയും. കെട്ടിടത്തിലെ വ്യാപാരികളെയും ഓഫിസുകളും ഒഴിപ്പിക്കും. കെട്ടിടത്തിന്റെ താഴത്തെനിലയിൽ ആറ് കച്ചവട സ്ഥാപനങ്ങളും പൊലീസ് എയ്ഡ് പോസ്റ്റും ഉണ്ട്. ഒന്നാം നിലയിലും വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. രണ്ടാംനിലയിൽ സർക്കാർ സ്ഥാപനവും ഓഫിസുമാണുള്ളത്. മൂന്നാം നിലയിൽ സ്വകാര്യ സ്ഥാപനമാണുള്ളത്.
കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി നേരത്തേ നടത്തിയ വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെട്ടിടം എങ്ങനെ പൊളിക്കണമെന്ന് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നുണ്ട്.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ പാർക്കിങ് പ്ലാസയടങ്ങിയ കെട്ടിടം നിർമിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലെ എൻ.ഐ.ടി ടീം ബസ് സ്റ്റാൻഡ് കെട്ടിടം പരിശോധിച്ച്, ബലക്ഷയമുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. കടകൾ നഷ്ടപ്പെടുന്ന വ്യാപാരികളുമായി സംസാരിച്ച്, പുതിയ കെട്ടിടം വരുമ്പോൾ അവർക്ക് മുൻഗണന നൽകാനും അനുകൂലമായ തീരുമാനങ്ങൾ എടുക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പാർക്കിങ് പ്ലാസക്കൊപ്പം ഷോപ്പിങ് കോംപ്ലക്സും നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വ്യാപാരികളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തും. എന്നാൽ, ബസ് സ്റ്റാൻഡ് പൂർണമായും ഇല്ലാതാക്കുന്നതിനെ വ്യാപാരികൾ നേരത്തേതന്നെ ശക്തമായി എതിർക്കുന്നുണ്ട്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നിലയിലുള്ള
അലമാപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനെ സജീവമാക്കുക എന്ന ലക്ഷ്യവും പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. 40 ലക്ഷത്തോളം രൂപ മുടക്കി പഴയ ബസ് സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത് ആറു മാസം മുമ്പാണ്. ബസ് സ്റ്റാൻഡ് ഇല്ലാതാകുന്നതോടെ ഈ തുക പാഴാവും. കെട്ടിടത്തിന് ചോർച്ചയുള്ള ഭാഗത്ത് ലക്ഷങ്ങൾ മുടക്കി ഷീറ്റിട്ടതും അടുത്ത കാലത്താണ്. പാർക്കിങ് പ്ലാസ പണിയുന്നതിന് ആവശ്യമായിവരുന്ന കോടികൾ വായ്പയെടുക്കാനാണ് നഗരസഭയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.