നീ​ലേ​ശ്വ​രം ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ

സമരസമിതി പന്തൽ പൊളിച്ചുമാറ്റാൻ കലക്ടറുടെ ഉത്തരവ്

നീലേശ്വരം: ദേശീയപാത നീലേശ്വരം റീച്ചിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച പാത പൊളിച്ചുനീക്കി തൂണിൽ നിർമിക്കുന്ന ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതയോരത്ത് അനിശ്ചിതകാല സമരം നടത്തുന നീലേശ്വരം ജനകീയ സമരസമിതിയുടെ സമരപ്പന്തൽ പൊളിച്ചുമാറ്റാൻ കലക്ടർ ശ്രീധന്യ സുരേഷ് നിർദേശം നൽകി. വ്യാഴാഴ്ച അനിശ്ചിതകാല സമരം 200 ദിവസം പിന്നിടുന്ന സമയത്ത് പന്തൽ പൊളിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവ് ജനകീയ സമരസമിതി പ്രവർത്തകരെ ആശങ്കയിലാഴ്ത്തി.

സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമീപത്ത് അനുയോജ്യമായ സ്ഥലത്ത് സമരം വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് വാഹനങ്ങൾക്ക് പ്രവേശിക്കാനായി പാലത്തിന്റെ തെക്ക് ഭാഗത്തുള്ള റാമ്പ് സൗകര്യം അടിയന്തര അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സമരക്കാർ സ്ഥാപിച്ചിട്ടുള്ള ഷെഡ് സ്ഥലത്തുനിന്ന് നീക്കം ചെയ്യാനും കലക്ടറുടെ ഉത്തരവിൽ പറയുന്നു .

സാഹചര്യത്തിന്റെ അടിയന്തര സ്വഭാവവും പഴയ പാലത്തിന്റെ അപകടകരമായ അവസ്ഥയും കണക്കിലെടുത്ത്, നീലേശ്വരം ടൗണിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ആവശ്യമായ പൊലീസ് സുരക്ഷ ജില്ല പൊലീസ് മേധാവി ഉറപ്പാക്കേണ്ടതാണെന്നും നീലേശ്വരം നഗരസഭ പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച ആവശ്യമായ മുന്നറിയിപ്പുകൾ നൽകേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റാനും ഗതാഗതം സുഗമമാക്കാൻ ജനകീയ സമരസമിതിയുടെ പന്തൽ പൊളിച്ച് മാറ്റാനുമാണ് കലക്ടർ ശ്രീധന്യ സുരേഷിന്റെ ഉത്തരവിൽ പറയുന്നത്.

ദേശീയപാത -66 ന്റെ വികസനവുമായി ബന്ധപ്പെട്ട് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠനത്തിന്റെയും ഘടനാപരമായ സുസ്ഥിരത സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെയും നിലവിലുള്ള പ്രധാന പാലം അപകടകരമായ അവസ്ഥയിലാണെന്നും അതിലൂടെയുള്ള ഗതാഗതം എത്രയും വേഗം വഴിതിരിച്ചുവിടണമെന്നും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതിനാലുമാണ് പാലം പൊളിക്കാൻ ജില്ല ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിട്ടത് പഴയ പാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് പൊതുസുരക്ഷക്ക് ഭീഷണിയാണെന്ന് കാഞ്ഞങ്ങാട് ആർ.ഡി.ഒയും റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.

തൽഫലമായി, 2026 സെപ്റ്റംബർ 30ന് നടന്ന ദേശീയപാത 66 നിർമാണ പുരോഗതി അവലോകന യോഗത്തിലാണ് പുതുതായി നിർമിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. നീലേശ്വരം ടൗണിലെ പുതുതായി നിർമിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് കലക്ടർ നിർദേശിച്ചു. 

Tags:    
News Summary - Collector Orders Protest Tent Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.