ജൽജീവൻ മിഷൻ പദ്ധതിക്കായി നടക്കാവിൽ കൂട്ടിയിട്ട പൈപ്പുകൾ
പൈപ്പിട്ടിട്ട് വേണം സർ, റോഡുണ്ടാക്കാൻ…
തൃക്കരിപ്പൂർ: കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ വൈകുന്നത് മൂലം തീരദേശ പാതയിൽ മെക്കാഡം റോഡുപണി അനിശ്ചിതത്വത്തിൽ. നിർദിഷ്ട വെള്ളാപ്പ്- ഉടുമ്പുന്തല- ഒളവറ റോഡിന്റെ പ്രവൃത്തിയാണ് ജല അതോറിറ്റിയുടെ നിസ്സംഗതയെ തുടർന്ന് നീളുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മെക്കാഡം റോഡുപണിക്കുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. അതോടനുബന്ധിച്ച് നിർമിക്കുന്ന ഓവുചാലിന്റെ പണി ആരംഭിക്കുകയും ചെയ്തു. തൃക്കരിപ്പൂർ അഡ്ജോയിനിങ് ജല വിതരണ പദ്ധതിയിൽ തീരദേശപാതക്ക് സമീപമാണ് കുടിവെള്ള പൈപ്പുകൾ വിരിക്കേണ്ടത്.
ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ ഇറക്കിവെച്ച് മാസങ്ങളായിട്ടും ജല അതോറിറ്റി തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. രൂക്ഷമായ കുടിവെള്ള ദൗർലഭ്യം നേരിടുന്ന മേഖലയാണ് തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ തീര പ്രദേശം. പൈപ്പിടുന്നതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിന് കെട്ടിവെക്കാനുള്ള തുക ഇനിയും ഒടുക്കിയിട്ടില്ല. ഇത് അടക്കാത്തതിനാൽ പാതയിൽ പൈപ്പ് ഇടാനുള്ള അനുമതിയും ജല അതോറിറ്റിക്ക് ലഭിച്ചിട്ടില്ല.
അനുമതി ലഭിച്ചിട്ടില്ല എന്നുള്ള വിശദീകരണത്തിന്റെ പിന്നിൽ ജല അതോറിറ്റിയുടെ നിസ്സംഗതയാണെന്ന് ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. പൈപ്പ് ലൈൻ നടത്തിയാൽ മാത്രമേ മെക്കാഡം പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ.പൈപ്പ് ഇടാനുള്ള അനുമതി കൊടുക്കാത്തതിനാൽ മെക്കാഡം പ്രവൃത്തി ഏറ്റെടുത്ത കരാറുകാനും നാട്ടുകാരും ഒരുപോലെ ദുരിതം പേറുകകയാണ്. പൊതുമരാമത്ത് റോഡ് പ്രവൃത്തി വൈകുന്നതിനനുസരിച്ച് സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ കരാറുകാരൻ പണി ഉപേക്ഷിച്ച് പോയേക്കുന്ന സാഹചര്യവും ഉണ്ട്.
സാങ്കേതികത്വത്തിൽ കുടുങ്ങി അനന്തമായി നീളുന്നത് ഒരു സീസണിൽ കൂടി ജനങ്ങൾ ദുരിതം പേറുന്ന അവസ്ഥയാണ് ഉണ്ടാവുക. വെള്ളാപ്പ് മുതൽ പൊറോപ്പാട് വരെയാണ് ഒന്നാം ഘട്ട പ്രവൃത്തിക്ക് ടെൻഡറായിട്ടുള്ളത്. രണ്ടാം ഘട്ടം പ്രവൃത്തിയായ പൊറോപ്പാട് മുതൽ ഒളവരെയുള്ള റീച്ചിന് കേന്ദ്ര പദ്ധതിയിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.