കാസർകോട്: കോൺഗ്രസ് സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. കെ.പി.സി.സിയുടെ നിർദേശപ്രകാരമുള്ള യൂനിറ്റ് കമ്മിറ്റികളുടെ ജില്ലാതല ഉദ്ഘാടനം ഈസ്റ്റ് എളേരി മണ്ഡലത്തിലെ 76ാം ബൂത്തിൽ, കടുമേനി സർക്കാർ കോളനിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി.കെ ഫൈസൽ നിർവഹിക്കും.
'ഗാന്ധിജിയിലേക്ക് മടങ്ങുക, ഗാന്ധി ദർശനങ്ങളെ മുറുകെപ്പിടിക്കുക' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പ്രവർത്തനങ്ങൾ. 19 ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ 87 യൂനിറ്റ് സമ്മേളനങ്ങൾ ഇന്ന് നടക്കും. മണ്ഡലത്തിലെ 19 ബൂത്തുകളിലായി ബൂത്തിൽ ചുരുങ്ങിയത് അഞ്ച് യൂനിറ്റ് എന്ന ക്രമത്തിൽ 87 യൂണിറ്റുകൾ നിലവിൽ വരും. ഒരു യൂനിറ്റിൽ ചുരുങ്ങിയത് 50/ 60 കുടുംബങ്ങളെ ഉൾക്കൊള്ളിക്കും. തുടർന്ന് യൂനിറ്റ് സമ്മേളനങ്ങൾ നടത്തും. അതിനുവേണ്ടി ഗൃഹ സന്ദർശനങ്ങളും സർവേകളും പൂർത്തിയായി. കോൺഗ്രസ് കുടുംബങ്ങളിൽനിന്ന് കോൺഗ്രസ് സൗഹൃദ കുടുംബങ്ങളിൽനിന്ന് ഓരോ ആളെ വീതം ചേർത്ത്, പ്രവർത്തക സമിതി രൂപവത്കരിക്കും. പ്രവർത്തക സമിതിയിൽനിന്ന് യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, എന്നിവരെ തെരഞ്ഞെടുക്കും. ഒരാൾ വനിത ആയിരിക്കും. ബൂത്ത് പ്രതിനിധികളായി രണ്ടുപേരുണ്ടാകും.
യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ഒരു രക്ഷാധികാരി സമിതിയും ഡി.സി.സി ഭാരവാഹികളെ ഉൾപ്പെടുത്തി ഇംപ്ലിമെൻറ് കമ്മിറ്റിയും നിലവിൽ വരും. ജില്ലാതലത്തിൽ ഒരു ഇംപ്ലിമെൻറ് ഓഫിസറെയും രണ്ട് അസി. ഓഫിസർമാരെയും നിയമിക്കും. നിയോജക മണ്ഡലത്തിലും ഇതേ സംവിധാനങ്ങൾ ഉണ്ടാകും.
ഏളേരിയിൽ സമ്മേളനത്തിൽ ഉയർത്താനുള്ള പതാകയും ഗാന്ധിജിയുടെ ഫോട്ടോയും ചിറ്റാരിക്കാൽ ടൗണിൽ ചേർന്ന പൊതുയോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, മണ്ഡലം പ്രസിഡണ്ടിനു കൈമാറി. പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഹക്കീം കുന്നിൽ, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.