കാസർകോട്: പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില സർവകാല റെക്കോഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേരകർഷകർ നിരാശയിൽ. തെങ്ങുകളിലുണ്ടാകുന്ന അജ്ഞാതരോഗവും കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങളുമാണ് തേങ്ങയുടെ ഉൽപാദനം ഗണ്യമായി കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോൾ തെങ്ങുകളിൽ തേങ്ങയില്ലെന്ന് കർഷകർ പറയുന്നു. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പച്ചത്തേങ്ങയുടെ ഇന്നത്തെ വില 50 മുതൽ 51 രൂപ വരെയാണെങ്കിൽ ഉണ്ട കൊപ്രയുടെ വില 140ൽ കൂടുതലാണ്. ഇത് ഇന്നുവരെയുള്ള വിലയിലുണ്ടായ സർവകാല റെക്കോഡാണ്.
2017ലാണ് നേരത്തെ പച്ചത്തേങ്ങക്ക് വില കൂടിയ സമയം. അന്ന് വില 43 രൂപവരെ എത്തിയിരുന്നു. ആ വിലക്കയറ്റം കുറച്ചുമാസമേ നിലനിന്നിരുന്നുള്ളൂ. 2021ലാണ് വില കുത്തനെ ഇടിഞ്ഞത്. അന്നത്തെ വില 20ലേക്കെത്തി. ഇത് കേരകർഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.
ചില സീസൺസമയങ്ങളിലാണ് നാളികേരവിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. വെളിച്ചെണ്ണയുടെ ഡിമാൻഡ് മുന്നിൽ കണ്ടുകൊണ്ട് വില കുത്തനെ കൂടും. ഓണ സീസണിലാണ് ഇത് ഏറെ പ്രതിഫലിക്കുന്നത്. അതുപോലെ നവരാത്രി ആഘോഷങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയതോതിൽ തേങ്ങ കയറ്റിയയക്കുന്നതും ആ സമയങ്ങളിൽ വില കൂടാൻ കാരണമാകുന്നുണ്ട്. ഇന്നിപ്പോൾ ശബരിമല സീസൺ മുന്നിൽ കണ്ടുകൊണ്ടാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്.
വെളിച്ചെണ്ണയുടെയും വില കൂടിയിട്ടുണ്ട്. അതിനിടെ, കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിക്കുന്നതിനനുസരിച്ച് തേങ്ങയുടെ വില കൂടുന്നത് പലപ്പോഴും കേരകർഷകർക്ക് അനുഗ്രഹമാകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.