കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം വ്യാപാരി വ്യവസായി
ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ശെരീഫ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: നാടിന്റെ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത യാഥാർഥ്യമാക്കാന്‍ വി.ഡി. സതീശന്‍ ഇടപെടണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അ സോസിയേഷന്‍ (കെ.എം.എ) വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് -പാണത്തൂര്‍ -കാണിയൂര്‍ പാതയുടെ സര്‍വേ നമ്പറുകള്‍ പൂര്‍ത്തിയാകുകയും ലാഭകരമാണെന്ന് കണ്ടെത്തിയതുമാണ്. കേന്ദ്ര മാനദണ്ഡപ്രകാരം പദ്ധതിയുടെ പകുതി വിഹിതം നല്‍കാന്‍ കേരള സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും കർണാടക സര്‍ക്കാര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. കേരള സര്‍ക്കാറിന്റെ വിഹിതം സംബന്ധിച്ച് വ്യക്തത വരുത്താനും കർണാടക സര്‍ക്കാറില്‍ സമ്മർദം ചെലുത്താനും കേരള മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. മലബാറിലെ പ്രധാന വാണിജ്യ നഗരമായ കാഞ്ഞങ്ങാട് നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാനും ട്രാഫിക് പരിഷ്‌കരണം യാഥാർഥ്യമാക്കാനും വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും നഗരസഭ അധികൃതര്‍ തയാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെ.എം.എ വാര്‍ഷിക പൊതുയോഗം മുന്നറിയിപ്പ് നല്‍കി.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗങ്ങള്‍ കൃത്യമായി ചേരുകയോ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയോ ചെയ്യുന്നില്ല. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് സംബന്ധമായും സ്റ്റാൻഡുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലും പാര്‍ക്കിങ് സംബന്ധമായും ട്രാഫിക് റെഗുലേറ്ററി നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അതൊന്നും നടപ്പിലാവുന്നില്ല. വഴിയോര കച്ചവടങ്ങളെ സംബന്ധിച്ച് സ്ട്രീറ്റ് വെണ്ടിങ് കമ്മിറ്റി നടപ്പിലാവാതെ പോവുന്നു. സ്ഥാപനങ്ങളിലെത്തുന്ന ഉപ ഭോക്താക്കള്‍ വാഹനങ്ങള്‍ക്ക് പിഴയീടാക്കുന്നതിനാല്‍ സ്ഥാപനങ്ങളിലെത്തുന്നതില്‍ വിമുഖത കാണിക്കുന്നു. ഈ കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ഐശ്വര്യ കുമാരന്‍ സംബന്ധിച്ചു. സെക്രട്ടറി പി.വി. അനില്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ ആസിഫ് മെട്രോ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.എം.എ സംബന്ധിച്ച് ജില്ല കമ്മിറ്റി റിപ്പോര്‍ട്ട് ആകാശ് കുഞ്ഞിരാമനും പ്രമേയങ്ങള്‍ ടി. മുഹമ്മദ് അസ് ലമും അവതരിപ്പിച്ചു. വ്യാപാരി സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ വ്യാപാരികള്‍ക്കുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് ധനലക്ഷ്മി ടെക്സ്റ്റൈൽസിന് ജില്ല പ്രസിഡന്റ് നല്‍കി. ഏകോപന സമിതി ജില്ല സെക്രട്ടറി കെ.ജെ. സജി, ട്രഷറര്‍ മാഹിന്‍ കൊളിക്കര, ജില്ല വൈസ് പ്രസിഡന്റ് ഹംസ പാലക്കി, കെ.എം.എ വൈസ് പ്രസിഡന്റ് കെ. മഹേഷ്, വനിത വിങ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍, യൂത്ത് വിങ് പ്രസിഡന്റ് ശെരീഖ് കമ്മാടം, എ. ഹമീദ് ഹാജി, മുന്‍ പ്രസിഡന്റ് എം. മുഹമ്മദ് കുഞ്ഞി, ഖയ്യൂം പുക്കൂഞ്ഞ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.