കാസർകോട്: ഭാരത സെൻസസ് 2027 ഒരുക്ക ഭാഗമായി ജില്ലതല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സെൻസസ് പ്രവർത്തനങ്ങൾ കൃത്യമായും കാര്യക്ഷമമായും നടപ്പാക്കാൻ മൂന്നുദിന പരിശീലനമാണ് സംഘടിപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപറേഷൻസിന്റെ ജില്ല ചുമതലയുള്ള ഉദ്യോഗസ്ഥരായ ടി. രാജ്കുമാർ, കെ. സജിത് രാജ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലതല സെൻസസ് ഓഫിസർമാർ, ചാർജ് തല സെൻസസ് ഓഫിസർമാർ, അഡീഷനൽ സെൻസസ് ഓഫിസർമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. 2011ന് ശേഷമുള്ള രാജ്യത്തെ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസായ ഈ പ്രക്രിയയുടെ ആദ്യഘട്ടം 2026 ജൂലൈ ഒന്നുമുതൽ 30 വരെ നടക്കും. ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ സ്മാർട്ട്ഫോൺ ആപ്പിലൂടെ ശേഖരിക്കും. ജൂൺ 16 മുതൽ 30 വരെ പോർട്ടൽ വഴി സ്വയം സെൽഫ് എന്യൂമറേഷൻ നടത്താം. ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതി. 2026 ജൂലൈയിൽ നടക്കുന്ന ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും.
അടുത്ത വർഷം ഫെബ്രവരിയിൽ രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുക്കും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണ്. ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ നിയമപ്രകാരവും ലഭ്യമാകില്ല. ഫീൽഡ് ട്രെയ്നേഴ്സിനുള്ള പരിശീലനം മേയ് മാസത്തിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.