പാലക്കുന്ന്: യാത്രക്കാർ ശ്രദ്ധിക്കുക, കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ അപകടക്കെണിയുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് സ്ഥിരം യാത്രക്കാർ. കഴിഞ്ഞദിവസം പ്ലാറ്റ്ഫോമിൽ ട്രെയിനിറങ്ങാനുള്ള ശ്രമത്തിനിടെ വയോധിക റെയിൽപാളത്തിൽ വീഴാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിരക്കുമൂലം ഇറങ്ങാൻ സാധിക്കാത്ത സഹയാത്രികർക്ക് കാസർകോട് വരെ അധികയാത്ര ചെയ്യേണ്ടതായും വന്നു.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ഗേറ്റുകൾക്ക് സമാന്തരമായി വരുന്ന ബോഗിയിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർ, പ്രത്യേകിച്ച് പ്രായാധിക്യമുള്ളവർ ഏറെ ശ്രദ്ധിച്ചേ മതിയാകൂ. പ്ലാറ്റ് ഫോമിനെ രണ്ടായി മുറിച്ചുകൊണ്ട് പാളം കടന്നുപോകുന്ന സ്റ്റേഷനാണ് കോട്ടിക്കുളം.
ട്രെയിനിന്റെ സുഗമമായ തുടർയാത്രക്കുവേണ്ടി ഈ പാളത്തിന് ഇരുവശത്തുമുള്ള റെയിൽവേ ഗേറ്റുകൾ അടച്ചിടേണ്ടിവരുന്നത് ഇവിടെ മേൽപാലം ഇല്ലാത്തതുകൊണ്ടാണ്. സ്റ്റോപ്പുള്ള ട്രെയിനുകൾ പ്ലാറ്റ് ഫോമിൽ നിർത്തിയിടുമ്പോൾ ഗേറ്റിന് സമാന്തരമായി വരുന്ന ബോഗികളിൽനിന്നാണ് ഇറങ്ങേണ്ടതെങ്കിൽ വളരെ ശ്രദ്ധിക്കണം. അവിടെ മാത്രം ട്രെയിനിൽ നിന്നിറങ്ങാൻ പ്ലാറ്റ് ഫോം സൗകര്യം ലഭ്യമല്ല.
ഗേറ്റുകൾ തുറന്നാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഇത് റോഡാണ്. അതുകൊണ്ടാണ് ആ ഇടം മാത്രം റോഡിന് സമമായി ക്രമീകരിച്ചിട്ടുള്ളത്. റോഡിലേക്കുള്ള പ്ലാറ്റ്ഫോമിന്റെ തെക്കും വടക്കും ഭാഗങ്ങൾ ചരിവോടെയാണ് റോഡിനോട് ക്രമപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാർ ഇറങ്ങുന്ന ഈ ബോഗിയിലെ വാതിൽ പലപ്പോഴും ഈ ചരിവുള്ള ഇടത്താണ് പെടുന്നതും. ഒരുകാരണവശാലും പ്രായാധിക്യമുള്ളവർക്ക് ആ വാതിലിലൂടെ ചുരുങ്ങിയ സമയത്തിനകം ട്രെയിനിൽനിന്ന് ഇറങ്ങാൻ സാധ്യമല്ല. ട്രെയിനിൽനിന്ന് യാത്രക്കാർ പൂർണമായും ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം പച്ചക്കൊടി കാണിച്ചാൽ അപകടം ഒരുപരിധിവരെ ഒഴിവാക്കാമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
യാത്രക്കാർ പൂർണമായും ഇറങ്ങും മുമ്പേ ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ ചിലർക്ക് കാസർകോടുവരെ അധികം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയുമാണ്. ഇത് ഇവിടത്തെ പതിവുകാഴ്ചയാണെന്ന് ഗേറ്റ് തുറന്നുകിട്ടാൻ കാത്തിരിക്കുന്ന വാഹനയാത്രക്കാരും സമീപവാസികളും സ്ഥിരംയാത്രക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.