മംഗല്‍പാടിയിലെ ഫ്ലാറ്റ്​ മാലിന്യം: 25നകം സംസ്‌കരണ സംവിധാനം വേണമെന്ന്​ കലക്​ടർ

കാസർകോട്: മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ ഫ്ലാറ്റുകളില്‍ ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം മാര്‍ച്ച് 25നകം ഒരുക്കാന്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവ് നല്‍കി. പഞ്ചായത്തില്‍ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് ശുചിത്വമിഷന് ലഭ്യമാക്കണം. പത്ത് ശതമാനം ഫ്ലാറ്റുകള്‍ തെരഞ്ഞെടുത്ത് ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അല്ലാത്തവരുടെ ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും. സ്വീവേജ് ട്രീറ്റ്‌മെന്റ്, ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടെന്നുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റുള്ള ഫ്ലാറ്റുകള്‍ക്ക് മാത്രമേ ജില്ലാ രജിസ്‌ട്രേഷന് അംഗീകാരം നല്‍കൂ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഫ്ലാറ്റുകളുടെ ഫയലുകള്‍ മാര്‍ച്ച് 23 മുതല്‍ അംഗീകരിക്കുകയില്ലെന്നും യോഗത്തില്‍ തീരുമാനമായി. നടപടികളിൽ വീഴ്​ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി സ്വീകരിക്കും. ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഫ്ലാറ്റുകളുടെ ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് മേയ് ഒന്ന്​ മുതല്‍ റദ്ദ് ചെയ്യും. റദ്ദാക്കിയവരുടെ നികുതികള്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കില്ലെന്നും ഗ്രാമ പഞ്ചായത്തില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും യോഗം തീരുമാനിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കദീജത്ത് റിസാന, മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ എന്‍. അന്‍സാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി, ഹരിതകേരളം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, ജില്ല രജിസ്ട്രാര്‍ ഹക്കിം, ഡി.ഡി.പി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് പി.വി. ഭാസ്‌കരന്‍, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻറ് എം.എ. മുദസ്സിര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.