റീസർവേ കഴിഞ്ഞതോടെ ജനം ദുരിതത്തിൽ

കാഞ്ഞങ്ങാട്: റീസർവേ കഴിഞ്ഞതോടെ ജനവും ഉദ്യോ​ഗസ്ഥരും ഒരുപോലെ ദുരിതത്തിൽ. ജീവനക്കാരുടെ കുറവ് കൂടിയായതോടെ ബല്ല വില്ലേജ് പരിധിയിൽ എല്ലാം അവതാളത്തിലാണ്. പഴയ സർവേ നമ്പറൊക്കെ മാറി പുതിയത് വന്നെങ്കിലും ഓൺലൈനിൽ കയറിയിട്ടില്ല. 12,000 തണ്ടപ്പേരൊക്കെ അംഗീകരിച്ചെങ്കിലേ ജനത്തിന്റെ ദുരിതം തീരൂ. ആളുകൾ പുതിയ ബുക്ക് പരിശോധിച്ച് തെറ്റ് തഹസിൽദാറുടെ ശ്രദ്ധയിൽപെടുത്തണം, താലൂക്ക് സർവേയർ പരിശോധിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ജനങ്ങളെ കുഴക്കുകയാണ്​. നികുതിയടക്കാൻ ആളുകൾ ഏപ്രിലിലാണ് കൂടുതലായി എത്തുക. അത്യാവശ്യക്കാർ വരുമ്പോൾതന്നെ ഇതാണ് അവസ്ഥ. റീസർവേ കഴിഞ്ഞ് രണ്ടു വർഷമായിട്ടും അജാനൂരിലും പ്രയാസം തീർന്നിട്ടില്ല. ബല്ലയിൽ വില്ലേജ് ഓഫിസറടക്കം മൂന്നുപേരെ ഉണ്ടായുള്ളൂ. കഴിഞ്ഞ ദിവസം ഡെപ്യൂട്ടേഷനിൽ പോയ ആളെ തിരിച്ചുകിട്ടിയെങ്കിലും രണ്ടുപേരെ കൂടി കിട്ടിയാലേ പ്രയാസം തീരൂ. ഹോസ്ദുർ​ഗിനെ അപേക്ഷിച്ച് ജോലിഭാരം കൂടിയ വില്ലേജാണ് ബല്ല. റീസർവേയുടെ പ്രശ്നം പരിഹരിക്കുന്നതിനുമാത്രം നൂറിലേറെ ആളുകളാണ്​ ദിവസം എത്തുന്നത്​. രാത്രിയിലാണ് വില്ലേജ് ഓഫിസർ ജോലി ചെയ്യുന്നത്. 70 സെന്റ് സ്ഥലമുള്ള തന്റെ പ്ലാൻ നോക്കുമ്പോൾ രണ്ടരയേക്കർവരെ സ്ഥലങ്ങൾ ഒന്നിച്ചാണെന്ന് അത്തിക്കോത്ത് സ്വദേശി ജയരാജ്‌ പരാതിപ്പെട്ടു. ഇങ്ങനെ ഒട്ടേറെ പേർക്ക്​ റീസർവേ സംബന്ധിച്ച്​ പരാതികളുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.