പ്രമോഷൻ ഷീറ്റ് നൽകാത്തതിൽ കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു

കാസർകോട്​: വിദ്യാർഥികളുടെ മൂല്യനിർണയ ഗ്രേഡുകൾ രേഖപ്പെടുത്തുന്ന പ്രമോഷൻ ഷീറ്റുകൾ പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യാലയങ്ങൾക്ക് നൽകാത്തതിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എസ്.എസ്.കെയാണ് ഓരോ ഉപജില്ലകളിലേയും വിദ്യാലയങ്ങൾക്കാവശ്യമായ പ്രമോഷൻ ഷീറ്റുകൾ നൽകുന്നത്. മുൻവർഷങ്ങളിൽ പരീക്ഷ സമയത്തുതന്നെ ഇവ വിദ്യാലയങ്ങളിലെത്തിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് കയറ്റത്തിനും മറ്റ് സ്കോളർഷിപ് പരീക്ഷകൾക്കുമുള്ള അടിസ്ഥാന രേഖയാണ് പ്രമോഷൻ ഷീറ്റ്. ഇത് ആവശ്യപ്പെടുന്ന പ്രധാനാധ്യാപകരോട് കൃത്യമായ മറുപടി പറയാൻപോലും വിദ്യാഭ്യാസ മേലധികാരികൾക്ക് കഴിയുന്നില്ല. കോടിക്കണക്കിനു രൂപ പാഴ്​ചെലവാക്കുന്ന എസ്.എസ്.കെക്ക് വിദ്യാർഥികളുടെ ഗ്രേഡുകൾ എഴുതിസൂക്ഷിക്കുന്ന പ്രധാനപ്പെട്ട രേഖ പോലും സ്കൂളിനു നൽകാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്​. പ്രമോഷൻ ഷീറ്റ് അടിയന്തരമായി വിദ്യാലയങ്ങളിലെത്തിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും കെ.പി.എസ്.ടി.എ അറിയിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരീഷ്, കെ. അനിൽകുമാർ, ജില്ല സെക്രട്ടറി കെ. ശ്രീനിവാസൻ, കെ.വി. വാസുദേവൻ നമ്പൂതിരി, കെ.പി. രമേശൻ, സി.എം. വർഗീസ്, കെ. ഗോപാലകൃഷ്ണൻ, പി. ശ്രീജ, സി.കെ. വേണു, കെ. അശോകൻ നായർ, ജോസ് മാത്യു, എ. ജയദേവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.