പെൺകുട്ടികൾക്കായി ഫുട്ബാൾ അക്കാദമി തുടങ്ങും

തൃക്കരിപ്പൂർ: ജില്ലയിലെ പ്രഥമ വനിത പ്രഫഷനൽ ഫുട്ബാൾ അക്കാദമി തൃക്കരിപ്പൂരിൽ പ്രവർത്തനം തുടങ്ങും. ഡ്രീം ഫുട്ബാൾ അക്കാദമി എന്ന് അറിയപ്പെടുന്ന കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പ്​ ശനിയാഴ്ച രാവിലെ ഏഴിന് ബീരിച്ചേരിയിലുള്ള ക്ലബ് 2005 ടർഫിൽ നടക്കും. തൊണ്ണൂറുകളിൽ കാലിക്കടവ് കേന്ദ്രീകരിച്ച് കോച്ചുമാരായ ടി.പി. വിജയരാഘവൻ, ടി.സി. ശാന്ത എന്നിവരുടെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകിയതിലൂടെ ജില്ലക്ക് സ്വന്തം വനിത ഫുട്ബാൾ ടീം ഉണ്ടായി. ഇവർക്ക് കോളജുകളിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ചു. കേരളത്തെയും ഇന്ത്യയെയും പലരും പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പോർട്സ് ​േക്വാട്ടയിൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുകയും ബന്ധപ്പെട്ട മേഖലകളിൽ ഉന്നത സ്ഥാനത്ത് സജീവമാവുകയും ചെയ്തു. ഐ ലീഗ്, ഐ.എസ്.എൽ ലീഗ് ടീമുകൾക്കും വനിത ടീം നിർബന്ധമാവുന്ന സാഹചര്യമാണ്. ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ അതിലേക്ക് മത്സരിക്കുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികൾക്ക് മാത്രമായി പരിശീലനം നൽകുന്ന അക്കാദമിയുടെ പ്രസക്തിയെന്ന്​ ഭാരവാഹികൾ അറിയിച്ചു. മുൻ താരങ്ങളും ലൈസൻസ്ഡ് കോച്ചുമാരുമായ സുബിത പൂവട്ട, ഷീബ, ജീന, സുനിത എന്നിവർ പരിശീലനം നൽകും. എ.ഒ.സി കോച്ച് ഗണേഷ്, പഞ്ചാബ് വനിത ടീം അസി. കോച്ച് ഉമേഷ്, എന്നിവരുടെ സാങ്കേതിക പിന്തുണയുണ്ടാവും. പ്രമുഖ ഫുട്ബാളറും കോച്ചുമായ നജ്മുന്നിസയുടെ സേവനവും ഉറപ്പാക്കും. ആദ്യഘട്ടത്തിൽ 6 മുതൽ 14 വയസ്സ്​ വരെയുള്ള നാല് ബാച്ചുകളാണ് ആരംഭിക്കുക. വാർത്തസമ്മേളനത്തിൽ എൻ. വത്സരാജ്, ഡോ.വി. രാജീവൻ, എം.കെ. അശോകൻ, കെ.വി. സജിത, കെ. ഗണേശൻ, ടി. പ്രദീപൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.