ബസ് ചാർജ് വർധനക്കുമുമ്പേ പരിഹരിക്കുമോ ഫെയർ സ്റ്റേജ് അപാകത?

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ബസ് ചാർജ്​ വർധന നടപ്പാക്കുമ്പോൾ ഫെയർ സ്റ്റേജുകളിലെ അപാകത പരിഹരിക്കണമെന്ന ആവശ്യം ശക്തം. മലയോരത്ത് പല റൂട്ടുകളിലും സ്റ്റേജ് നിർണയത്തിലെ അശാസ്ത്രീയത കാരണം അമിതനിരക്ക് ഈടാക്കുകയാണ്. കാഞ്ഞങ്ങാട് ഏഴാംമൈൽ തായന്നൂർ, കാഞ്ഞങ്ങാട് കാരാക്കോട്, ബന്തടുക്ക, ഉദയപുരം തുടങ്ങിയ റൂട്ടുകളിലെല്ലാം സ്റ്റേജ് നിർണയത്തിൽ പിഴവുണ്ട്. കാഞ്ഞങ്ങാടുനിന്ന് കാരാക്കോടേക്ക് 19 രൂപ വാങ്ങേണ്ട ദൂരത്തിൽ ഇപ്പോൾ 26 രൂപയാണ് നിരക്ക്. ചാർജ് കൂടുന്നതോടെ ഇത് 30 രൂപയാകും. രണ്ടര കിലോമീറ്റർ ദൂരത്തിൽ സ്റ്റേജ് നിർണയിക്കുന്നതിനു പകരം ഓരോ കിലോ മീറ്റർ ദൂരത്തിൽ സ്റ്റേജ് നിർണയിച്ചതാണ് വെല്ലുവിളിയായത്. ഉദയപുരം റൂട്ടിൽ എരുമക്കുളം, തടിയൻവളപ്പ് തുടങ്ങിയ മൂന്നു സ്റ്റേജുകളും വളരെ അടുത്താണെന്ന് യാത്രക്കാർ പറയുന്നു. കാഞ്ഞങ്ങാട് തായന്നൂർ റൂട്ടിൽ മുക്കുഴി, പോർക്കളം, എണ്ണപ്പാറ, തായന്നൂർ സ്റ്റേജുകളും കുണ്ടംകുഴി, ബീംബുകാൽ തുടങ്ങിയ സ്റ്റേജുകളും തമ്മിൽ ദൂരം കുറവാണ്. അതേസമയം, നീലേശ്വരം കാലിച്ചാനടുക്കം റൂട്ടിൽ ഫെയർ സ്റ്റേജ് കുറവാണെന്ന് ഉടമകളും പറയുന്നു. കിലോമീറ്ററിന് ഒരു രൂപയായി നിരക്ക് നിശ്ചയിച്ചപ്പോൾ 15 കിലോമീറ്ററിന് 30 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. ജില്ലയിൽ പല ​ഗ്രാമീണ റൂട്ടുകളിലും ഈ അപാകതയുണ്ട്. ബസുടമകളെ സഹായിക്കാനായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇത് പരിഹരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.